കോപ്പ അമേരിക്കയ്ക്കുശേഷം ആദ്യമായി അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ലോസ് ആഞ്ചല്‍സില്‍ നടന്ന സൗഹൃദ മത്സരമാണ് സമനിലയില്‍ കലാശിച്ചത്. അര്‍ജന്റീനന്‍ താരം ലയണ്‍ല്‍ മെസിയുടെ അഭാവം കളിയിലുടനീളം പ്രകടമായിരുന്നു.
ഡിബാലയും മാര്‍ട്ടിനെസുമായിരുന്നു അര്‍ജന്റീനയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ചിലിയുടെ പ്രതിരോധം പൊളിഞ്ഞപ്പോഴൊക്കെ സുവര്‍ണാവസരങ്ങള്‍ അര്‍ജന്റീനയെ തേടിയെത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് ഇരു ടീമുകളും കളം നിറഞ്ഞപ്പോള്‍, കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ മൂന്നു തവണയാണ് റഫറിക്ക് മഞ്ഞ കാര്‍ഡ് ഉയര്‍ത്തേണ്ടിവന്നത്.
ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചതോടെ രണ്ടാം പകുതി കുറച്ചുകൂടി വീറും വാശിയും നിറഞ്ഞതായി. 49-ാം മിനിട്ടില്‍ ബേസ വാങ്ങിയ മഞ്ഞ കാര്‍ഡിലാണ് കളി കൂടുതല്‍ വാശിയേറിയതായത്. പിന്നീട് പലവട്ടം റഫറിക്ക് മഞ്ഞ കാര്‍ഡ് കാണിക്കേണ്ടിവന്നു. മൊത്തം പത്ത് മഞ്ഞ കാര്‍ഡുകളാണ് റഫറി പുറത്തിറക്കിയത്.