മോസ്‌കോ: നൈജീരിയയ്‌ക്കെതിരായ വിജയത്തിനായി സാംപോളി കരുതിവെച്ച നിര്‍ണായക തന്ത്രങ്ങള്‍ പുറത്തുവിട്ട് അര്‍ജന്റീനന്‍ മാധ്യമങ്ങള്‍. അര്‍ജന്റീനിയന്‍ കോച്ച് സാംപോളി തയ്യാറാക്കി വെച്ചിരുന്ന തന്ത്രങ്ങളാണ് പുറത്തായത്. അര്‍ജന്റീനയുടെ ട്രെയ്നിങ് സെഷനില്‍ കോച്ച് സാംപോളിയുടെ ലൈനപ്പ് രഹസ്യങ്ങള്‍ എഴുതി വെച്ചിരുന്ന നോട്ട്ബുക്കിന്റെ ഭാഗങ്ങളാണ് മാധ്യമങ്ങള്‍ പകര്‍ത്തിയെടുത്തത്.
അര്‍ജന്റീനയുടെ ഡെയ്‌ലി സ്പോര്‍ട്സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ക്രൊയേഷ്യക്കെതിരെ മണ്ടത്തരം കാണിച്ച ഗോളി കബയേരോ നൈജീരിയയ്ക്കെതിരെ പുറത്തിരിക്കും. പകരം അര്‍മാണിയായിരിക്കും വല കാക്കുക എന്നാണ് സാംപോളിയുടെ നോട്ട് ബുക്കിലെ കുറിപ്പ്.
ഡി മരിയ, റോഹോ, ഹിഗ്വെയിന്‍, ബനേഗ എന്നിവര്‍ ആദ്യ ഇലവനിലുണ്ടാകും. പരിശീല സെഷനില്‍ ഏഴ് പേരെ വീതം തിരിച്ചാണ് സാംപോളിയുടെ കുറിപ്പ്. നൈജീരിയയ്ക്കെതിരായ മത്സരത്തില്‍ ഏഴ് പേരായി തിരിച്ചിരിക്കുന്നതില്‍ നിന്നായിരിക്കും സാംപോളി അന്തിമ ഇലവനെ തിരഞ്ഞെടുക്കുക.
വമ്പന്‍ ടീമായ അര്‍ജന്റീന റഷ്യയില്‍ ഐസ്ലന്‍ഡിനോട് സമനിലയും ക്രൊയേഷ്യയോട് തോല്‍വിയുമാണ് ഏറ്റുവാങ്ങിയത്. ഇതിന്റെ ക്ഷീണം മാറണമെങ്കില്‍ ജയവും ഭാഗ്യവും ഒരുപോലെ ചേര്‍ന്നാല്‍ മാത്രമേ ടീമിന് റഷ്യയില്‍ തുടരാന്‍ സാധിക്കൂ.