ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസിയുടെ ക്ലബ്ബ് മാറ്റവാർത്തകൾ കാര്യമാക്കുന്നില്ലെന്ന് അർജന്റൈൻ പരിശീലകൻ ലിയോണൽ സ്കലോണി. എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്ന് സ്കലോണി പറഞ്ഞു. ലിയോണൽ മെസി അടുത്ത സീസണിൽ പിഎസിജി വിടുമെന്നുറപ്പായതോടെയാണ് അമേരിക്കൻ ക്ലബ്ബ് ഇന്റർമയാമിയും സൗദി ക്ലബ്ബ് അൽഹിലാലും സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ-നസ്ർ നൽകുന്ന വേതനത്തിന്റെ ഇരട്ടിയിലധികം തുകയാണ് അൽഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസിയുടെ സൗദി സന്ദർശനത്തിനിടെ കരാറിൽ ധാരണയായെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് ഇന്നലെ മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ഒരു ക്ലബ്ബുമായും ധാരണയിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
സീസണിന് ശേഷമേ തീരുമാനമുണ്ടാകൂവെന്നും ഹോർഗെ മെസി അറിയിച്ചു. അടുത്തമാസം 30 വരെയാണ് പി എസ് ജിയുമായുള്ള മെസിയുടെ കരാർ. മെസി അടുത്ത സീസണിൽ ഏത് ലീഗിൽ പോകുമെന്ന ആകാംക്ഷ നിലനിൽക്കുമ്പോഴാണ് അത് കാര്യമാക്കുന്നില്ലെന്നാണ് ലിയോണൽ സ്കലോണി പറയുന്നത്.
മെസി സന്തോഷമായിരിക്കുകയെന്നതാണ് പ്രധാനം. ദേശീയ ടീമിലെ അവസരത്തിന് ഏത് ക്ലബ്ബിൽ കളിക്കുന്നുവെന്നത് പരിഗണിക്കുന്നില്ലെന്നും സ്കലോണി അറിയിച്ചു. അദ്ദേഹത്തിന് എവിടെയാണോ കളിക്കാര്‍ക്കൊപ്പവും ക്ലബ്ബിനൊപ്പവും ആരാധകര്‍ക്കൊപ്പവും കൂടുതല്‍ സന്തോഷവും സമാധാനവും നല്‍കുന്നത് അവിടെ കളിക്കട്ടെ. ദേശീയ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏത് ക്ലബ്ബിന് കളിക്കുന്നു എന്നത് ഘടകമേയല്ല.അദ്ദേഹം ദേശീയ ടീമിനൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമേയുള്ളു. ഞങ്ങള്‍ക്കൊപ്പം അദ്ദേഹവും സന്തോഷത്തോടെ ഇരിക്കണം സ്കലോണി ഖത്തറിലെ അല്‍-കാസ് ചാനലിനോട് പറഞ്ഞു.
അടുത്ത ലോകകപ്പിലും മെസ്സി കളിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ സ്കലോണി പറഞ്ഞിരുന്നു. സ്കലോണിയുടെ പരിശീലനത്തില്‍ അര്‍ജന്റീന കോപ അമേരിക്ക, ഫൈനലസീമ, ലോകകപ്പ് കീരീടങ്ങൾ നേടിയിരുന്നു. മെസിയെ തിരികെയെത്തിക്കാന്‍ പഴയ ക്ലബ്ബായ ബാഴ്സലോണയും ശ്രമിക്കുന്നുണ്ടെന്നെങ്കിലും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ബാഴ്സക്ക് തടസമാകുന്നത്.