ബ്വോണസ് ഐറിസ്: അര്‍ജന്റീനിയന്‍ സീനീയര്‍ താരം ഹാവിയര്‍ മാഷറാനോ പ്രൊഫഷനല്‍ ഫുട്ബാളില്‍ നിന്നും വിരമിച്ചു. 36കാരനായ മാഷറാനോ അര്‍ജന്റീനക്കായി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നാല് ലോകകപ്പുകളിലും അര്‍ജന്റീനക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 2004ല്‍ അര്‍ജന്റീന ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ടീമിലംഗമായിരുന്നു. 2014 ബ്രസീല്‍ ലോകകപ്പില്‍ പ്രതിരോധ നിരയില്‍ മാഷെറാനോ നടത്തിയ പ്രകടനത്തിന്റെ മികവിലാണ് അര്‍ജന്റീന ഫൈനലിലേക്ക് എത്തിയത്.2018 ലോകകപ്പില്‍ ഫ്രാന്‍സിനെതിരെയുള്ള പരാജയത്തിന് പിന്നാലെയായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അര്‍ജന്റീനയില്‍ തന്നെയുള്ള എസ്റ്റുഡിയന്റ്‌സിന് വേണ്ടി പന്തുതട്ടിയാണ് മാഷറാനോ ഇപ്പോള്‍ പ്രൊഫഷനല്‍ ഫുട്ബാളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
ലാറ്റിനമേരിക്കന്‍ ക്ലബുകളായ റിവര്‍േപ്ലറ്റിലും കൊറിന്ത്യന്‍സിലും പന്തുതട്ടിത്തുടങ്ങിയ മാഷറാനോ വെസ്റ്റ് ഹാം യുനൈറ്റഡിലേക്കും ലിവര്‍പൂളിലേക്കും ബാഴ്‌സലോണയിലേക്കും കൂടുമാറിപ്പോയിരുന്നു. പോരാട്ട വീര്യം കൊണ്ട് പ്രതിരോധക്കോട്ട കെട്ടിയ മാഷറാനോ ചെല്ലുന്നിടത്തെല്ലാം കൈയ്യടി നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളിമെനയുന്നതിലും മിടുക്കനായിരുന്നു താരം. ബാഴ്‌സലോണക്കൊപ്പം എട്ടുവര്‍ഷത്തിനിടക്ക് അഞ്ച് ലാലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ്‌ലീഗ് കിരീടങ്ങളും സ്വന്തമാക്കി.