മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിനു പിന്നാലെ അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറി. കോച്ച് സാംപോളിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കളിക്കാര്‍ രംഗത്തെത്തി. കോച്ചിനെ പുറത്താക്കാതെ തങ്ങള്‍ ശേഷിക്കുന്ന മത്സരത്തില്‍ ഇറങ്ങില്ലെന്ന് കളിക്കാര്‍ പറഞ്ഞു. തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ടീം അംഗങ്ങള്‍ ഈ ആവശ്യമുന്നയിച്ചത്.
ഇതിനിടെ, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിശീലകന്‍ ക്ഷമ ചോദിച്ചു. മെസ്സിയെ ന്യായീകരിച്ച സാംപോളി ടീമിന്റെ തോല്‍വിക്ക് ആരാധകരോട് മാപ്പു പറയുകയായിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞാണ് ടീം റഷ്യയിലെത്തിയത്. എന്നാല്‍, എഡ്വാര്‍ഡോ ബൗസയ്ക്ക് പകരക്കാരനായെത്തിയ സാംപോളിക്ക് ടീമിനെ കാര്യമായ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മെസ്സിയുടെ സാന്നിധ്യം ടീമിന് ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തതാണ് പരിശീലകന് വിനയായത്.
നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ 3 ഗോളിന് തോറ്റതോടെയാണ് അര്‍ജന്റീനിയന്‍ ടീമില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലത്തെ തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലാണ്. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായാല്‍ കോച്ചിന്റെ പദവി തെറിക്കുമെന്ന് ഉറപ്പാണ്.