ജകാര്‍ത്ത: ഇന്തോനേഷ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ലിയാന്‍ഡോ പരേഡസ്, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയയേയും അര്‍ജന്റീന തോല്‍പ്പിച്ചിരുന്നു.
ലിയോണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഒട്ടൊമെന്‍ഡി എന്നിവരില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. ഫാക്കുണ്ടോ ബ്യൂണനോട്ടെ അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ചു. മത്സരത്തിലുടനീളം അര്‍ജന്റീന്ക്കായിരുന്നു മുന്‍തൂക്കം. 74 ശതമാനവും പന്ത് അര്‍ജന്റൈന്‍ താരങ്ങളുടെ കാലിലായിരുന്നു. അഞ്ചിനെതിരെ 21 ഷോട്ടുകളുതിര്‍ത്തു. ഇതില്‍ ഏഴെണ്ണം ലക്ഷത്തിലേക്കായിരുന്നു. രണ്ടെണ്ണം ഗോള്‍വര കടന്നു.
38-ാം മിനിറ്റില്‍ പരേഡസ് ലോംഗ്‌റേഞ്ച് ഷോട്ടിലൂടെ നേടിയ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. ബോക്‌സിന് ഏറെ പുറത്തുനിന്ന് നേടിയ ബുള്ളറ്റ് ഷോട്ടില്‍ ഇന്തോനേഷ്യന്‍ ഗോള്‍ കീപ്പര്‍ക്ക് മറുപടിയൊന്നുമുണ്ടായില്ല. വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. സ്‌കോര്‍ 1-0.
രണ്ടാംപാതിയില്‍ രണ്ടാം ഗോളും അര്‍ജന്റീന കണ്ടെത്തി. 55-ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോയുടെ കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് അര്‍ജന്റീനയുടെ പ്രതിരോധതാരം വല കുലുക്കിയത്.
ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചിരുന്നത്. ലിയോണല്‍ മെസി, ജര്‍മന്‍ പസെല്ല എന്നിവരാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്. ഇരുപാതികളിലുമായിട്ടായിരുന്നു ഗോള്‍. നേരത്തെ, ലോകകപ്പിലും അര്‍ജന്റീന ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു.