ട്വന്റി-20 ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി അര്‍ജന്റീനയുടെ വനിതാ ടീം

ബ്യൂണസ് ഐറിസ്: ട്വന്റി-20 ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി അര്‍ജന്റീനയുടെ വനിതാ ടീം. ചിലിക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് അര്‍ജന്റീന വനിതാ ടീം അടിച്ചുകൂട്ടിയത്. ചിലിയെ 63 റണ്‍സിന് പുറത്താക്കി അര്‍ജന്റീന 364 റണ്‍സിന്റെ കൂറ്റന്‍ വിജയവും ആഘോഷിച്ചു. ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് ഇതോടെ അര്‍ജന്റീനയുടെ പേരിലായി. 2022-ല്‍ സൗദി അറേബ്യക്കെതിരെ ബഹ്റെയ്ന്റെ വനിതാ ടീം നേടിയ 318 റണ്‍സിന്റെ റെക്കോഡാണ് അവര്‍ മറികടന്നത്.

ഐസിസിയുടെ റാങ്കിങ്ങില്‍ അര്‍ജന്റീന നിലവില്‍ 66-ാം സ്ഥാനത്താണ്. 2019-ന് ശേഷം ആദ്യ ട്വന്റി-20 മത്സരം കളിക്കുന്ന ചിലിക്ക് ഇതുവരെ റാങ്കിങ്ങില്‍ ഇടം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ ടീം 314 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. വെറും 34 പന്തില്‍ സെഞ്ചുറി കണ്ടെത്തിയ നേപ്പാള്‍ താരം കുശാല്‍ മല്ല രോഹിത് ശര്‍മയുടേയും ഡേവിഡ് മില്ലറുടേയും റെക്കോഡും മറികടന്നിരുന്നു. ദീപേന്ദ്ര സിങ് അയ്റീ ഒമ്പത് പന്തില്‍ അര്‍ധ സെഞ്ചുറിയും നേടി. മത്സരത്തില്‍ മംഗോളിയയെ 273 റണ്‍സിനാണ് നേപ്പാള്‍ പരാജയപ്പെടുത്തിയത്.

രണ്ടാം ട്വന്റി-20യിലും ചിലിയെ തോല്‍പ്പിച്ച അര്‍ജന്റീന പരമ്പരയും സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ 281 റണ്‍സിനായിരുന്നു അര്‍ജന്റീനയുടെ വിജയം. അവര്‍ ആറു വിക്കറ്റിന് 300 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ സന്ദര്‍ശകരായ ചിലി 9.2 ഓവറില്‍ വെറും 19 റണ്‍സിന് പുറത്തായി. പരമ്പരയിലെ അവശേഷിക്കുന്ന ട്വന്റി-20 മത്സരം ഞായറാഴ്ച്ച നടക്കും.

 

 

Top