നിക്കോ ഗോണ്‍സാലസിന് പകരം ഗര്‍നാച്ചോ? അര്‍ജന്റൈന്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്ന് സ്‌കലോണി

അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുളള സന്നാഹ മത്സരത്തില്‍ യുഎഇയെ തകര്‍ത്തതിന് പിന്നാലെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. ലോകകപ്പ് ടീമില്‍ മാറ്റമുണ്ടായേക്കാമെന്ന വളരെ നിര്‍ണായകമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. യുഎഇക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചിരുന്നു. അതിന് പിന്നാലെയാണ് പരിശീലകന്‍ ഇക്കാര്യം പറഞ്ഞത്.

പരിക്കിന്റെ പിടിയിലുള്ള പൌളോ ഡിബാല, ക്രിസ്റ്റ്യന്‍ റൊമേറോ, അലസാന്ദ്രോ പപ്പു ഗോമസ്, നിക്കോളാസ് ഗോണ്‍സാലസ് എന്നിവര്‍ യു എഇക്കെതിരെ കളിച്ചിരുന്നില്ല. പിന്നാലെ സ്‌കലോണി പറഞ്ഞതിങ്ങനെ… ”ടീമില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ സ്‌ക്വാഡില്‍ മാറ്റത്തിന് സാധ്യതയുണ്ട്. യു എ ഇക്കെതിരെ ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ പലരേയും കളിപ്പിക്കാനായില്ല. പരിക്കുള്ളവരെ കളിപ്പിക്കുന്നത് റിസ്‌കാണ്. നിലവില്‍ അവരെല്ലാം ടീമിന്റെ ഭാഗം തന്നെയാണ്. പക്ഷേ അവര്‍ക്ക് പൂര്‍ണ ആരോഗ്യത്തോടെ കളിക്കാന്‍ കഴിയുമോയെന്ന് എനിക്കുറപ്പില്ല. ഒരുപക്ഷേ കളിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, വളരെയധികം കരുതല്‍ വേണ്ട കാര്യമാണിത്.” സ്‌കലോണി പറഞ്ഞു.

എന്നാല്‍ ലോകകപ്പില്‍ സൗദിക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് റൊമോറോ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം ഫിയോന്റിന താരം ഗോണ്‍സാലസിന്റെ കാര്യത്തിലാണ് സംശയം. അദ്ദേഹത്തിന് പകരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യുവതാരം അലസാന്ദ്രോ ഗര്‍നാച്ചോയെ ടീമിലെത്തിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.

ഇന്നലെ യുഎഇക്കെതിരെ എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളാണ് അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്, ജ്വാകിം കോറേയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. മെസി, ഡി മരിയ എന്നിവര്‍ ഓരോ അസിസ്റ്റും നല്‍കി. മാര്‍കോസ് അക്യൂന, അലക്സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍ എന്നിവരും ഓരോ ഗോളിന് വഴിയൊരുക്കി.

Top