സാന്റിയാഗോ: വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ച് അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍.
‘നിയോകിറ്റ്-കോവിഡ്- 19’ എന്ന് വിളിക്കുന്ന പുതിയ പരിശോധനാ സംവിധാനം വഴി രണ്ട് മണിക്കൂറിനുള്ളില്‍ വൈറസിനെ കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.
ഇത് ലളിതവും വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമായതുമായ ഒരു സാങ്കേതികത വിദ്യയാണെന്ന് പാബ്ലോ കാസ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ സാന്റിയാഗോ വെര്‍ബജ് പറഞ്ഞു. ഇതിന് ചെലവ് വളരെ കുറവാണ്. ഏകദേശം എട്ട് ഡോളര്‍. സമയത്തിന്റെ കാര്യത്തിലും കൈകാര്യം ചെയ്യുന്ന രീതിയിലും ഇത് ലളിതമാണ്. വ്യാപക പരിശോധനക്കായി ഉപയോഗിക്കാന്‍ സാധിക്കും. -വെര്‍ബജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ കിറ്റുകള്‍ക്ക് മറ്റ് രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്കും ഇത് വിതരണം ചെയ്യാന്‍ തയ്യാറാണെന്നും താല്പര്യം പ്രകടിപ്പിച്ച വിദേശ എംബസികളുമായി ബന്ധപ്പെട്ട് വരികയാണെന്നും അര്‍ജന്റീനയിലെ ശാസ്ത്ര, സാങ്കേതിക മന്ത്രി റോബര്‍ട്ടോ സാല്‍വരെസ പറഞ്ഞു.