നടത്തിപ്പുകാര്‍ തമ്മില്‍ തര്‍ക്കം; കംഫര്‍ട്ട് സ്റ്റേഷനിന്റെ ഉള്ളില്‍ കുടുങ്ങി യുവാവ്; ഒടുവില്‍ പൊലീസെത്തി രക്ഷിച്ചു

മലപ്പുറം: നടത്തിപ്പുകാര്‍ തമ്മില്‍ വാക്കുതര്‍ക്കമായതോടെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടി ഉടമസ്ഥര്‍. ഇതോടെ ഉള്ളില്‍ കുടുങ്ങിയ യുവാവിനെ പൊലീസെത്തിയാണ് രക്ഷിച്ചത്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലാണ് യുവാവ് കുടുങ്ങി പോയത്. സംഭവത്തില്‍ നടത്തിപ്പുക്കാരനായ ചങ്ങരംകുളം സ്വദേശി റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. നടത്തിപ്പുകാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുറ്റിപ്പുറം സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയിട്ട് പോവുകയായിരുന്നു. കംഫര്‍ട്ട് സ്റ്റേഷനകത്ത് യുവാവ് പെട്ടുപോയ വിവരമറിയാതെയാണ് നടത്തിപ്പുകാരന്‍ പൂട്ടിയത്. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ പൂട്ട് തുറന്നാണ് യുവാവ് പുറത്തെത്തിയത്. ഒടുവില്‍ പൊലീസ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിടുകയായിരുന്നു.

കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയിട്ടതോടെ യാത്രക്കാരും വലഞ്ഞു. റെയില്‍വേ സ്റ്റേഷനിലെ കംഫര്‍ട്ട് സ്റ്റേഷനും നടത്താന്‍ ആളില്ലാത്തതിനാല്‍ അടഞ്ഞ് കിടക്കുകയാണ്. കാത്തിരിപ്പ് മുറിയിലെ ശുചിമുറികളാണ് യാത്രക്കാര്‍ക്ക് ഏക ആശ്രയം. സ്റ്റേഷനിലെ സമഗ്ര നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ കാര്യക്ഷമമായ കംഫര്‍ട്ട് സ്റ്റേഷന്‍ സംവിധാനം സജ്ജമാക്കുമെന്നാണ് അറിയുന്നത്. ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് നിലവിലെ നടത്തിപ്പുകാരന് പഞ്ചായത്ത് നിശ്ചയിച്ച കാലാവധി മാര്‍ച്ച് 31 വരെയുണ്ട്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം എന്നാണ് യാത്രക്കാരും നാട്ടുകാരും വ്യാപാരികളും ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്. നിലവില്‍ ഹോട്ടലുകളെയാണ് എല്ലാവരും ശുചിമുറി സൗകര്യത്തിനായി ആശ്രയിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ കംഫര്‍ട്ട് സ്റ്റേഷനും അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Top