കുളിക്കടവില്‍ തുടങ്ങിയ തര്‍ക്കം; ഡി.എം.കെ. നേതാവിന്റെ മകന്‍ വെട്ടേറ്റുമരിച്ചു

തെന്മല: തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ ഡി.എം.കെ. നേതാവിന്റെ മകന്‍ വെട്ടേറ്റുമരിച്ചു. ചെങ്കോട്ട മുനിസിപ്പല്‍ സമുച്ചയത്തിലെ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ രാജേഷാണ് (24) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാങ്ങുനേരി സ്വദേശികളായ മന്ത്രമൂര്‍ത്തി (22), മാരി (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തെങ്കാശി പഞ്ചായത്ത് യൂണിയന്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും ഡി.എം.കെ. ജനറല്‍ കമ്മിറ്റി അംഗവുമായ തമിഴ്‌സെല്‍വി മുരുകന്റെ മകനാണ് രാജേഷ്.

പിടിയിലായ പ്രതികള്‍ റെയില്‍വേ കരാര്‍ ജോലിക്കാരാണ്. രാജേഷും പ്രതികളുമായി കുളിക്കടവില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ചെങ്കോട്ട റെയില്‍വേ ഗേറ്റ് കാശമാടസ്വാമി കോയില്‍ തെരുവിലാണ് സംഭവം. ജോലിസ്ഥലത്തെത്തിയ രാജേഷ് ബൈക്ക് നിര്‍ത്തി ഇറങ്ങുന്നതിനിടെ പുറകേ ബൈക്കിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താല്‍ ചെങ്കോട്ട പോലീസ് പിടികൂടി. മൃതദേഹം പരിശോധനയ്ക്കായി ചെങ്കോട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട രാജേഷിന്റെ ബന്ധുക്കള്‍ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മുനിസിപ്പാലിറ്റിക്കു മുന്നില്‍ റോഡ് ഉപരോധിച്ചു.

Top