ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് വര്‍ഷങ്ങളായി തുടരുന്ന കേസിലെ നടപടികള്‍ ഇന്നു തന്നെ തീരാന്‍ കാരണമായത്.
വാദങ്ങളുടെ രേഖമൂലമുള്ള കുറിപ്പോ ഇതുമായി ബന്ധപ്പെട്ട രേഖകളോ ഹാജരാക്കാനുണ്ടെങ്കില്‍ കക്ഷികള്‍ക്ക് മൂന്ന് ദിവസത്തെ സമയം കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് അനുവദിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17-ന് മുമ്പായികേസില്‍വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാടകീയ സംഭവങ്ങളിലൂടെയാണ് വാദം കേള്‍ക്കലിന്റെ അവസാനദിനം കടന്ന് പോയത്. സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന്‍ രാമജന്മ സ്ഥലം കാണിക്കുന്ന മാപ്പ് കോടതി മുറിയില്‍ വലിച്ചു കീറി. ഇതിനെ തുടര്‍ന്ന് കക്ഷികളുടെ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കം കോടതിയെ പ്രകോപിപ്പിച്ചു.
ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് ആറ് മുതലാണ് കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ടുകൊണ്ടിരുന്നത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി തര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ദിവസങ്ങളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ.നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.