കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഞായറാഴ്ചയാണ് വിജ്ഞാപനമിറക്കിയത്.

മുത്തലാക്ക് നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച ആരിഫ് ഖാനെ മോദി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പലതവണ പ്രശംസിച്ചു സംസാരിച്ചിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്.

അലിഗഢ് സര്‍വകലാശാലയിലും ലഖ്നൗ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കി ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

1977ല്‍ 26ാം വയസില്‍ അദ്ദേഹം യുപി നിയമസഭയിലെത്തുകയും 1980ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍രുകയും 1980ലും 84ലും കാന്‍പൂരില്‍ നിന്നും ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്സഭയിലെത്തുകയുമുണ്ടായി.

അതേസമയം, മുത്തലാഖ് നിയമം പാസ്സാക്കുന്നതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് ജനതാദളില്‍ ചേര്‍ന്നു. 1989ല്‍ ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89ല്‍ ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രിയായി. 1998ല്‍ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്പിയിലെത്തി.

ബറൈച്ചില്‍ നിന്ന് തന്നെ മത്സരിച്ചു കൊണ്ട് അദ്ദേഹം വീണ്ടും ലോക്സഭയിലെത്തി. 2004-ല്‍ അദ്ദേഹം ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാട് സ്വീകരിച്ചു.

Top