മരട് ഫ്‌ളാറ്റ് വിഷയം; പരിഹാരം സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷിക്കരുതെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റ് പൊളിച്ച് മാറ്റാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വക്ഷിയോഗം അഭിപ്രായം തേടല്‍ മാത്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

വിഷയത്തിലെ പരിഹാരം സര്‍വ കക്ഷിയോഗത്തില്‍ പ്രതീക്ഷിക്കരുതെന്നും അത് സര്‍വകക്ഷിയോഗത്തില്‍ എടുക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഫ്‌ളാറ്റ് പൊളിച്ച് മാറ്റുന്ന കാര്യത്തില്‍ തീരുമാനം വരേണ്ടത് കോടതിയില്‍ നിന്നാണ്. താമസക്കാരുടെ ആശങ്കയില്‍ പങ്കു ചേരുന്നു. കോടതിയുടെ പരിഗണനയില്‍ ഉള്ള ഒരു വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയാനില്ല, ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, മരടിലെ ഫ്ളാറ്റിന്റെ നിര്‍മ്മാണത്തില്‍ നിര്‍മ്മാതാക്കള്‍ കള്ളക്കളി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നു. ഫ്ളാറ്റിന്റെ നിര്‍മ്മാണം നടന്നത് നിയമ വിരുദ്ധമായിട്ടാണെന്ന് കൈവശ രേഖയില്‍ നിന്നും വ്യക്തമാണ്.

ജെയിനും ആല്‍ഫ വെഞ്ച്വേഴ്സിനും നല്‍കിയത് UA നമ്പറാണ്. കോടതി ഉത്തരവുണ്ടായാല്‍ ഫ്ളാറ്റ് ഒഴിയേണ്ടി വരുമെന്നും കൈവശ രേഖയില്‍ പറയുന്നു.

സെപ്റ്റംബര്‍ 20-നുള്ളില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍ പോലും മാറിയിട്ടില്ല.

Top