അരിക്കൊമ്പൻ: വനം വകുപ്പ് സുരക്ഷ വർധിപ്പിക്കും; നാട്ടുകാർ പ്രതിഷേധം ശക്തമാക്കി

ഇടുക്കി: ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പൻ എത്തിയതോടെ സുരക്ഷ കൂട്ടാനുള്ള തീരുമാനത്തിൽ ആണ് വനം വകുപ്പ്. ഇതിനായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത്‌ നിയോഗിക്കും. ഇന്നലെ വൈകിട്ടാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം, നടത്തും. അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിലാണ് നാട്ടുകാരുടെ പ്രതീക്ഷ. സിങ്കുകണ്ടത്തും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും വീട് നഷ്ടപ്പെട്ടവരെയും സമര മുഖത്തെത്തിച്ച് പ്രതിഷേധം ശക്തിപ്പെടുത്തുകയാണ് സംഘാടകർ. അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ നിൽക്കുന്നവരുടെ കണ്ണു തുറപ്പിക്കാനായിരുന്നു പൂപ്പാറയിലെ സമരം.

നവംബർ 21 നു രാവിലെ ഏലത്തോട്ടത്തിലേക്ക് പോകുന്ന വഴിയിലാണ് ശാന്തന്‍പാറ തലക്കുളം സ്വദേശിയായ സ്വാമിവേലിനെ കാട്ടാന ആക്രമിച്ചത്. വഴിയിൽ നിന്നിരുന്ന ചക്കക്കൊമ്പന്റെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് സ്വാമിവേൽ മരിച്ചത്. അച്ചനെ ഓർക്കുമ്പോൾ ഇപ്പോഴും മക്കൾക്ക് കരച്ചിലടക്കാനാകുന്നില്ല. അതുകൊണ്ടു തന്നെയാണ് പൂപ്പാറയിലെ സമപ്പന്തലിൽ ഇവരുമെത്തിയത്. ആനയ്ക്കു നേരെ നിന്ന് വഴക്കു പറഞ്ഞ് കാടു കയറ്റിയിരുന്ന വാച്ചർ ശക്തവേലിന്റെ മക്കളും സമരത്തിനു പിന്തുണയുമായെത്തി. കഴിഞ്ഞ 22 ന് ചൂണ്ടലിൽ അരിക്കൊമ്പൻ ഇടിച്ചു തകർത്ത രണ്ടു വീടുകളിലൊന്നിന്റെ ഉടമയായ ആറുമുഖമിപ്പോൾ കിടപ്പാടമില്ലാതെ വിഷമിക്കുകയാണ്.

ശങ്കരപാണ്ഡ്യമെട്ട്, പന്തടിക്കളം, പന്നിയാർ എസ്റ്റേറ്റ്, മൂലത്തറ, തലക്കുളം എന്നിവിടങ്ങളിൽ നിന്നും വീടും കൃഷിയും നഷ്ടപ്പെട്ട നിരവധി പേരാണ് പൂപ്പാറിയിലെ സമപന്തലിലെത്തിയത്. കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ഇന്നും മരുന്നുകളുടെ സഹായത്താൽ ജീവിക്കുന്ന ജയയും ഇവർക്കൊപ്പമുണ്ടായിരുന്നു. കയറികിടക്കാന്‍ ഇടമില്ലാതായവരും ഇന്നും അരിക്കൊമ്പനെത്തുമെന്ന് ഭയന്ന് ബന്ധുവീടുകളില്‍ അന്തിയുറങ്ങുന്നവരും സമര മുഖത്തുണ്ട്. അരിക്കൊമ്പനെ പിടികൂടി മാറ്റണമെന്ന കാര്യത്തിൽ ഇവർക്കെല്ലാം ഒരേ അഭിപ്രായമാണ്.

Top