ഐപിഎലിലേക്ക് കണ്ണുനട്ട് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് പുറത്തായതിനു പിന്നാലെ പന്തു കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയാണ് അർജുൻ ഐപിഎൽ പ്രവേശനത്തിൽ പ്രതീക്ഷ വച്ചത്.
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പൊലീസ് ഷീൽഡ് ക്രിക്കറ്റ് ടൂർണമെൻ്റിലായിരുന്നു അർജുൻ്റെ ഓൾറൗണ്ട് പ്രകടനം. എംഐജി ക്രിക്കറ്റ് ക്ലബിനായി ഇറങ്ങിയ അർജുൻ 26 പന്തിൽ 8 സിക്സറുകളും അഞ്ച് ബൗണ്ടറിയും സഹിതം 77 റൺസാണ് അടിച്ചുകൂട്ടിയത്. ബൗളിംഗിൽ 9 ഓവറിൽ 40 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തെ, അർജുൻ തെണ്ടുൽക്കർ ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. 20 ലക്ഷം രൂപയാണ് താരത്തിൻ്റെ അടിസ്ഥാന വില. ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങളാണ്. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്.