ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആര്‍മ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവ്വേഴ്‌സ് ആക്ട്, 1958) ആറുമാസത്തേക്കു കൂടി നിലനില്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും 8 പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് നിയമം ബാധകമാവുക. നിരോധിക്കപ്പെട്ട കലാപകാരികളുടെ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
തിറബ്, ചാങ്‌ലാങ്, ലോങ്ഡിംഗ് ജില്ലകളെ സംസ്ഥാനത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. 2019 മാര്‍ച്ച് 31 വരെയാണ് അഫ്‌സ്പ ഈ മേഖലയില്‍ ബാധകമാകുന്നത്. ആഭ്യന്തര വകുപ്പാണ് പുതുക്കിയ ഉത്തരവ് പുറത്തു വിട്ടിരിക്കുന്നത്.
നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (എന്‍എസ്സിഎന്‍-കെ), യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസ്സാം (യുഎല്‍എഫ്എ), നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്റ്(എന്‍ഡിഎഫ്ബി) എന്നീ നിരോധിത ഗ്രൂപ്പുകളാണ് അരുണാചല്‍ പ്രദേശില്‍ ഇപ്പോള്‍ ശക്തി പ്രാപിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
16 പൊലീസ് സ്റ്റേഷനുകളിലാണ് സംസ്ഥാനത്ത് അഫ്‌സ്പ നിയമം നിലവിലുണ്ടായിരുന്നത്. ഈ വര്‍ഷം ഇത് 8 സ്റ്റേഷനുകളിലേയ്ക്ക് ആക്കി കുറച്ചു. ഇതുകൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കീഴടങ്ങുന്ന തീവ്രവാദികള്‍ക്ക് നല്‍കുന്ന സഹായധനം ഒരു ലക്ഷത്തില്‍നിന്ന് നാല് ലക്ഷമായി വര്‍ധിപ്പിച്ചിരുന്നു.
വടക്കു കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സായുധ കലാപങ്ങളില്‍ 63 ശതമാനം കുറവ് വന്നിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ 83 ശതമാനം കുറഞ്ഞു. സൈനികര്‍ കൊല്ലപ്പെടുന്നതില്‍ 40 ശതമാനം കുറവുണ്ടായി. 2000വുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2017 ല്‍ സായുധ കലാപക്കേസുകളില്‍ 85 ശതമാനമാണ് കുറവുവന്നത്. 1997 മായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ 96 ശതമാനം കുറവാണ് വന്നിട്ടുള്ളതെന്ന ആഭ്യന്ത മന്ത്രാലത്തിന്റെ കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഫ്‌സ്പ പ്രയോഗിക്കുന്ന പ്രദേശങ്ങളുടെ എണ്ണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു വരുത്തിയത്.