ചൈന നേരിട്ടൊന്ന് വെല്ലുവിളിച്ചാല്‍ ഒഴിഞ്ഞ് നില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് 73 ദിവസം നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തയ്യാറായ ഇന്ത്യന്‍ സൈന്യത്തിന്റെ മാറ്റത്തിലേക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് ജനറല്‍ ബിപിന്‍ റാവത്ത്. ചൊവ്വാഴ്ച ആര്‍മി നേതൃസ്ഥാനത്ത് നിന്ന് വിരമിച്ച റാവത്ത് രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേല്‍ക്കുകയാണ്. പാകിസ്ഥാന്‍, ചൈന അതിര്‍ത്തിയില്‍ വരുന്ന വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ തയ്യാറാണെന്ന് ജനറല്‍ റാവത്ത് പ്രതികരിച്ചു.
‘അവര്‍ കൂടുതല്‍ തയ്യാറെടുത്ത് കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സേവനത്തിനിടെ എന്നെ പിന്തുണച്ച ഇന്ത്യന്‍ സൈന്യത്തിലെ എല്ലാ സൈനികര്‍ക്കും നന്ദി’, ബിപിന്‍ റാവത്ത് വ്യക്തമാക്കി. തന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കുന്ന ലഫ്റ്റനന്റ് ജനറല്‍ മനോജ് നരവാനെയ്ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ‘പുതിയ സൈനിക മേധാവിക്ക് കീഴില്‍ സൈന്യം പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, ജനറല്‍ റാവത്ത് വ്യക്തമാക്കി.
ഡോക്ലാമില്‍ ചൈനീസ് സൈന്യവുമായി 73 ദിവസം നീണ്ടുനിന്ന കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ച ജനറല്‍ റാവത്ത് സിഡിഎസ് ദൗത്യത്തിലേക്ക് കടക്കുന്നത് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടക്കുന്ന അവസരത്തില്‍ കൂടിയാണ്. മൂന്ന് സര്‍വ്വീസുകളുടെയും വിഷയങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിറ്ററി അഡൈ്വസറായി പ്രവര്‍ത്തിക്കുന്ന ജനറല്‍ റാവത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ സൃഷ്ടിച്ച സൈനികകാര്യ വകുപ്പിന് നേതൃത്വം നല്‍കും.
സൈനിക വിഷയങ്ങളില്‍ ഈ പുതിയ വകുപ്പിനാകും ചുമതല. രാജ്യത്തിന്റെ ആകെയുള്ള പ്രതിരോധത്തിലേക്ക് പ്രതിരോധ വകുപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൂന്ന് സൈനിക വിഭാഗങ്ങളുടെയും സംയുക്തമായ ഉപയോഗം പരമാവധി ഫലപ്രദമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയാണ് സിഡിഎസ് എന്ന നിലയില്‍ ജനറല്‍ റാവത്ത് നിര്‍വ്വഹിക്കുക.