ദില്ലി: ഇന്ത്യ – ചൈന അതിർത്തിയിൽ സ്ഥിതി ശാന്തമാണെങ്കിലും സാഹചര്യങ്ങൾ പ്രവചനാതീതമെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. ഏത് സാഹചര്യത്തെ നേരിടാനും ഇന്ത്യൻ സൈന്യം സജ്ജമാണ്. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരുകയാണെന്നും ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. കരസേനദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി. സൈന്യത്തിൽ ആധുനിക വൽക്കരണം പുരോഗമിക്കുകയാണെന്നും, ഈ വർഷം നിർണായക പുരോഗതിയുണ്ടാകുമെന്നും കരസേന മേധാവി പറഞ്ഞു.