ഭാവിയിലെ യുദ്ധങ്ങള്‍ അതിവേഗത്തില്‍ മാറിമറിയുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എംഎം നരവാനെ. യുദ്ധങ്ങള്‍ എങ്ങിനെ പോരാടുന്നു എന്നതിന്റെ രീതിയും മാറും. യുദ്ധങ്ങളുടെ പ്രകൃതി മാറിയിട്ടില്ലെങ്കിലും അതിന്റെ സ്വഭാവം മാറി, ന്യൂഡല്‍ഹിയില്‍ കരസേനാ യുദ്ധങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കവെ സൈിക മേധാവി വ്യക്തമാക്കി.
ഒരു ഭാഗത്തുള്ളവര്‍ക്ക് കഴിവുണ്ടെങ്കില്‍ സംഘര്‍ഷം എല്ലായ്‌പ്പോഴും യുദ്ധത്തിന് വഴിമാറില്ലെന്നും ജനറല്‍ എംഎം നരവാനെ വ്യക്തമാക്കി. ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ ഇതിന് തെളിവാണ്. 2019 ഫെബ്രുവരി 26നാണ് ബാലകോട്ടില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പാക് അതിര്‍ത്തിയില്‍ കടന്ന് ബോംബ് വര്‍ഷിച്ചത്.
യുദ്ധരീതികള്‍ മാറിമറിയുമ്പോള്‍ തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഇതര ഇടപെടലുകള്‍ യുദ്ധത്തിന്റെ വിജയത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളായി മാറുന്നുവെന്ന് ജനറല്‍ നരവാനെ ചൂണ്ടിക്കാണിച്ചു. സൗത്ത് ചൈന സമുദ്രത്തില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് ആധിപത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒന്ന് വെടിയുതിര്‍ക്കുക പോലും ചെയ്യാതെ ചെറിയ ചുവടുവെപ്പുകള്‍ വഴിയാണ് അവര്‍ ആ ലക്ഷ്യം സാധിച്ചതെന്ന് സൈനിക മേധാവി ചൂണ്ടിക്കാണിച്ചു.
ഇന്ത്യ പ്രതികരണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ‘വടക്ക്, പടിഞ്ഞാറ് അതിര്‍ത്തികളിലെ നമ്മുടെ ശേഷി പരിഷ്‌കരിച്ച് വരികയാണ്. വിവിധ രീതികള്‍ ഇതിനായി വികസിപ്പിക്കുന്നുണ്ട്’, നരവാനെ പറഞ്ഞു. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി.