മണിപ്പൂരില്‍ സംഘര്‍ഷം കൂടുതൽ മേഖലകളിലേക്ക്; സൈന്യത്തെ വിന്യസിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇംഫാല്‍, ചുരാചന്ദ്പുര്‍, കാങ്‌പോക്പി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയും അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷ മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം സര്‍ക്കാര്‍ റദ്ദാക്കി.

സംഘര്‍ഷം ഇല്ലാതാക്കാന്‍ സൈന്യവും അസ്സാം റൈഫിള്‍സും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ ഇരുവിഭാഗങ്ങളും ചേര്‍ന്നാണ് ഫ്‌ളാഗ് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷ മേഖലകളില്‍നിന്നുള്ള നാലായിരത്തോളം പേര്‍ക്ക് സൈനിക ക്യാമ്പുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സഹായകേന്ദ്രങ്ങള്‍ ഒരുക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.

മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ബോക്‌സിങ് ഇതിഹാസം മേരി കോം സഹായാഭ്യര്‍ഥന നടത്തി. ‘എന്റെ സംസ്ഥാനം കത്തുകയാണ്, ദയവുചെയ്ത് സഹായിക്കൂ’, എന്ന് മേരികോം ട്വീറ്റ് ചെയ്തു. അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്.

ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയര്‍ത്തിയത്. ചുരാചന്ദ്പുരില്‍ ബുധനാഴ്ച ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ടി.എസ്.യു.എം.) വിളിച്ചുചേര്‍ത്ത ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മെയ്തി വിഭാഗത്തിന് എസ്.ടി. പദവി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഗോത്രവിഭാഗങ്ങളും മെയ്തി വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയുമായിരുന്നു.

ഗോത്രവര്‍ഗ മേഖലയായ ചുരാചന്ദ്പുര്‍, സിംഗ്‌നാഥ്, മുവാല്ലം തുടങ്ങിയ മേഖലകളിലാണ് സംര്‍ഷം വ്യാപിക്കുന്നത്. നിരവധി ഗോത്രവര്‍ഗ വീടുകളും വനം വകുപ്പിന്റെ ഓഫീസുകളുമെല്ലാം തീവെച്ച് നശിപ്പിക്കപ്പെട്ടതായണ് റിപ്പോര്‍ട്ട്. കാങ്‌വായി തുര്‍ബുങ് മേഖലയില്‍ ജനക്കൂട്ടം പരസ്പരം കല്ലെറിയുകയും ബിഷ്ണുപുരില്‍ ചില സ്മാരകങ്ങള്‍ തീവെച്ചുനശിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മെയ്തി വിഭാഗമാണ് ആക്രമണം അഴിച്ചുവിടുന്നതെന്നാണ് ഗോത്രവിഭാഗങ്ങളുടെ ആരോപണം.

മണിപ്പുരില്‍ 53 ശതമാനം ജനസംഖ്യയുള്ള വിഭാഗമാണ് മെയ്തി സമുദായം. മ്യാന്‍മാറില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള കുടിയേറ്റം തങ്ങളുടെ നിലനില്‍പിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്തികള്‍ സംവരണത്തിനുള്ള ആവശ്യം ഉന്നയിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പി. അനുകൂല വിഭാഗമായ മെയ്തികള്‍ക്ക് എസ്.ടി. പദവി നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ ഗോത്രവര്‍ഗ വിഭാഗങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Top