ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി. പ്രമുഖ ദേശീയ ചാനലാണ് ദൃശ്യം പുറത്തുവിട്ടത്.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ ആണ് പുറത്തായിട്ടുള്ളത്. ഒരു മിനിട്ടോളം നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ഇന്ത്യയുടെ ശക്തമായ ആക്രമണം വ്യക്തമാണ്. ബങ്കര്‍ തകര്‍ത്തതിന് ശേഷം ശക്തമായ വെടിവയ്പ്പും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ആഴ്ചയാണ് കൃഷ്ണഘാട്ടി മേഖലയില്‍ കരസേനയുടെ 22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിക് സുബേദാര്‍ പരംജിത് സിംഗും ബി.എസ്.എഫിന്റെ 200ാംബറ്റാലിയനിലെ പ്രേംസാഗറും കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന കരസേന അതിര്‍ത്തി സുരക്ഷാസേന സംയുക്ത സംഘത്തിനുനേരെ അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ നിറയൊഴിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ഈ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ-പാക് ബങ്കറുകള്‍ തകര്‍ക്കുകയും നിരവധി പാക് സൈനികരെ കൊലപ്പെടുത്തുകയും ചെയ്തത്. കൂടുതല്‍ വിപുലമായ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുത്ത് നില്‍ക്കെയാണ് മുന്‍ ആക്രമണ ദൃശ്യം ഇപ്പോള്‍ പുറത്തായിരിക്കുന്നത്.