തിരിച്ചടിക്കാൻ മിന്നലാക്രമണം മാത്രമല്ല വേറെയും മാർഗങ്ങൾ ഉണ്ട് ; കരസേനാ മേധാവി

പുണെ: ഇന്ത്യൻ സൈന്യത്തിനു മുന്നിൽ ശത്രുക്കളെ ഇല്ലാതാക്കാൻ മിന്നലാക്രമണം മാത്രമല്ല വേറെ നിരവധി മാർഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.

2016ൽ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണവും 2015ലെ മ്യാൻമർ സൈനിക ന‌ടപടിയും പോലുള്ള പല വഴികളും സൈന്യത്തിനറിയാം. ഒരിക്കൽ അവലംബിച്ച മാർഗം വീണ്ടും തേടില്ല. കാരണം അതിൽ പുതുമയൊന്നുമില്ല – റാവത്ത് പറഞ്ഞു.

പുണെയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിപിൻ റാവത്ത്

മണിപ്പൂരിൽ നടന്ന ആക്രമണത്തിൽ 18 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന് മറുപടി നൽകേണ്ടത് അത്യാവശ്യമായതിനാലാണ് മ്യാൻമർ അതിർത്തിയിലെ സൈനിക നടപടി സൈന്യം ആസൂത്രണം ചെയ്തതെന്നും റാവത്ത് അറിയിച്ചു.

സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫിസർമാരുടെ കേഡർ റിവ്യൂ സംവിധാനം അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിൽ സ്ഥാനക്കയറ്റം കിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 0.18 ശതമാനം പേർക്ക് മാത്രമാണ് ടു സ്റ്റാർ റാങ്ക് കിട്ടുന്നതെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

Top