കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരാക്രമണത്തില്‍ 7 സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി സേനയുടെ ചെക്‌പോസ്റ്റ് കേന്ദ്രമാക്കി നടന്ന ആക്രമണത്തിലാണ് സേനാംഗങ്ങള്‍ വധിക്കപ്പെട്ടത്. അസ്വസ്ഥത നിലനില്‍ക്കുന്ന ബലൂചിസ്ഥാനില്‍ കഴിഞ്ഞയാഴ്ച 5 ഭീകരരെ സേന വധിച്ചിരുന്നു.
ചൈന-പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഇവിടെ ഏറ്റുമുട്ടല്‍ പതിവാണ്. മറ്റൊരു സംഭവത്തില്‍ മുള്‍ട്ടാനില്‍ പാക്ക് കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 സൈനികര്‍ മരിച്ചിരുന്നു.
അതേസമയം, കശ്മീരിലെ ഷോപിയാനില്‍ മൂന്ന് യുവാക്കള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസില്‍ ഒരു സൈനിക ഓഫിസര്‍ അടക്കം 3 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. രജൗറി ജില്ലയില്‍ നിന്ന് തൊഴില്‍ അന്വേഷിച്ച് എത്തിയ 3 ചെറുപ്പക്കാരാണ് ഷോപിയാനിലെ അംഷിപ്പുരയില്‍ കൊല്ലപ്പെട്ടത്. ഇവര്‍ പാക്ക് ഭീകരര്‍ ആണെന്നും ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.