ജമ്മുകശ്മീരിലെ നൌഗാം സെക്ടറില്‍ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. നുഴഞ്ഞ് കയറാനുള്ള ശ്രമത്തിനിടെയാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. നൌകാം സെക്ടറില്‍ ഇന്നലെ രാത്രി മുതല്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് ആരംഭിച്ചിരുന്നു.
മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് നൌകാമില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്. പ്രദേശത്ത് നുഴഞ്ഞ് കയറ്റക്കാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സൈന്യം നടത്തിയ തിരച്ചിലിലാണ് നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തിയത്.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ നുഴഞ്ഞ് കയറ്റമുണ്ടായേക്കാമെന്ന സാധ്യത മുന്‍ നിര്‍ത്തി പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറിലും പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാവുകയും രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ അതിര്‍ത്തി മേഖലയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് 29 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണുണ്ടായത്.