ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ ചൈനയോടുള്ള പ്രതികരണരീതിയില്‍ മാറ്റം വരുത്താന്‍ സൈന്യം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
സംഘര്‍ഷമുണ്ടായാല്‍ വെടിവെക്കരുത് എന്നതുള്‍പ്പെടെയുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതികരണരീതിയാണ് ഇന്ത്യന്‍ സൈന്യം ഇപ്പോഴും അതിര്‍ത്തിയില്‍ പിന്തുടരുന്നത്. എന്നാല്‍ ഗല്‍വാന്‍ സംഘര്‍ഷത്തിനു പിന്നാലെ പ്രതികരണരീതിയില്‍ മാറ്റം വരുത്താന്‍ സൈന്യം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
സംഘര്‍ഷത്തില്‍ ചൈനീസ് പക്ഷത്തിലും വന്‍ ആള്‍നാശം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 45 ഓളം ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സൂചന.