ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. ഇവരിൽനിന്ന് ചൈനീസ് നിർമിത ആയുധങ്ങളുൾപ്പെടെ കണ്ടെത്തി. 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതിനു മുൻപേയാണ് അക്രമികളെ സൈന്യം പിടികൂടിയത്.
ഇംഫാലിൽ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്തു സംശയകരമായ നിലയിൽ കാറിൽ നാലുപേർ യാത്ര ചെയ്യുന്നുണ്ടെന്നു സുരക്ഷാസേനയ്ക്കു വിവരം ലഭിച്ചു. കാർ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാർ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേരെ സേന പിന്നാലെ ഓടി പിടികൂടി. ഇവരിൽനിന്നു ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ എന്നിവയും ഇൻസാസ് റൈഫിൾ ഉൾപ്പെടെയുള്ളവയും കണ്ടെടുത്തു.
Manipur | Three miscreants along with an INSAS rifle with magazine, sixty rounds of 5.56 mm ammunition, a Chinese hand grenade and a detonator were apprehended in the New Checkon area of Imphal East district yesterday: Indian Army pic.twitter.com/QGqKzkakr6
— ANI (@ANI) May 29, 2023
അതേസമയം, മണിപ്പുരിൽ എത്തുന്ന അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. ഞായറാഴ്ചയുണ്ടായ അക്രമത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. മണിപ്പുർ പൊലീസിന്റെ കമാൻഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്.