കശ്മീർ: കശ്മീരിൽ യുവ കശ്മീരി സൈനിക ഓഫീസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഹിസ്ബുൾ മുജാഹുദീൻ ഭീകരരെന്നു സൂചന. പോലീസുകാരിൽ നിന്നു തട്ടിയടുത്ത ഇൻസാസ് റൈഫിളാണ് ലഫ്. ഉമർ ഫയാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നും കശ്മീർ പോലീസ് സംശയിക്കുന്നു. ഫയാസിന്റെ മൃതദേഹത്തിന്റെ സമീപത്തുനിന്ന് ഇൻസാസ് റൈഫിളിന്റെ ഒഴിഞ്ഞ കാട്രിഡ്ജുകൾ കണ്ടെത്തിയിരുന്നു.
അതേസമയം ഫയാസിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന റിപ്പോർട്ടുകൾ ഐജി ഐഎസ്ജെഎം ഗിലാനി നിഷേധിച്ചു. പ്രാഥമിക അന്വേഷണത്തിൽ മർദനമേറ്റതായി വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീർ കുൽഗാമിലുള്ള സുർസോന നിവാസി ലഫ്. ഉമർ ഫയാസിനെയാണു (22) ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ സൈന്യത്തിൽ കമ്മീഷൻ ചെയ്ത യുവ ഓഫീസർ ആദ്യമായി അവധിക്കു നാട്ടിലെത്തിയപ്പോഴായിരുന്നു കൊടുംക്രൂരതയ്ക്ക് ഇരയായത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഫയാസിനെ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണു രണ്ടംഗസംഘം വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയത്. മുഖംമൂടി ധരിച്ചാണു ഭീകരർ എത്തിയതെന്നു നാട്ടുകാർ പറയുന്നു. ഭീകരരുടെ ഭീഷണിയുള്ളതിനാൽ യുവ ഓഫീസറെ കാണാതായ വിവരം പോലീസിലോ സൈന്യത്തിലോ അറിയിച്ചില്ല എന്നാണു ബന്ധുക്കൾ നൽകുന്ന വിശദീകരണം.