മേജര്‍ നിഥിന്‍ ലീതുള്‍ ഗോഗോയിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സൈനിക കോടതി ഉത്തരവ്

ന്യൂഡല്‍ഹി: മേജര്‍ നിഥിന്‍ ലീതുള്‍ ഗോഗോയിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സൈനിക കോടതി ഉത്തരവ്. കശ്മീരി യുവതിയുമായി ഹോട്ടലിലെത്തിയ സംഭവത്തില്‍ ആണ് ഗോഗോയിക്കെതിരെ കോര്‍ട്ട് മാര്‍ഷ്യല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രദേശവാസികളുമായി സൗഹൃദ ബന്ധമുണ്ടാക്കുന്നതിനുള്ള സൈനിക ചട്ടങ്ങള്‍ മറികടക്കല്‍, ഡ്യൂട്ടിക്കിടെ സ്ഥലത്തില്ലാതിരിക്കല്‍, തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് വകുപ്പുതല നടപടിക്കാണ് ഉത്തരവ്.

ബഡ്ഗാമിലെ ഹോട്ടലില്‍ 18കാരിയെ കൊണ്ടുവന്ന സംഭവം പൊലീസ് അറസ്റ്റില്‍ കലാശിച്ചതാണ് ഗോഗോയിക്കെതിരെ സൈനിക കോടതിയുടെ വിചാരണക്ക് വഴിവെച്ചത്. വിചാരണയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ മേയില്‍ പെണ്‍കുട്ടിയുമായി ഹോട്ടലിലെത്തിയ മേജര്‍ ഗോഗോയി മുറി തരാന്‍ ആവശ്യപ്പെട്ടെങ്കിലും ഐഡന്റിറ്റി വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ ഹോട്ടല്‍ അധികൃതര്‍ തയാറായില്ല. താമസസൗകര്യം നിഷേധിച്ചത് മേജറുമായി വാക്കുതര്‍ക്കത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. സംഭവം പുറത്തു വന്ന ശേഷം, സൈനികരില്‍ ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മേജറും പെണ്‍കുട്ടിയും ഹോട്ടലില്‍ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, രഹസ്യ വിവരങ്ങള്‍ കൈമാറാനാണ് യുവതി എത്തിയതെന്നാണ് മേജര്‍ ഗോഗോയി വിശദീകരിച്ചത്.

60129-vkfzmdityf-1506405603

2017 ഏപ്രിലില്‍ ബഡ്ഗാമില്‍ ഫാറൂഖ് അഹമ്മദ് ധര്‍ എന്ന കശ്മീരി യുവാവിനെ സേനാ വാഹനത്തിന് മുന്നില്‍കെട്ടി മനുഷ്യ കവചമാക്കാനുള്ള നടപടിക്കു നേതൃത്വം നല്‍കിയത് മേജര്‍ ലീതുള്‍ ഗോഗോയിയായിരുന്നു. ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ശ്രീ നഗറിലെ ഹോട്ടലില്‍ വച്ച് യുവതിയോടൊപ്പം ഗഗോയിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Top