Army out for relief in rain-hit Chennai, air services suspended

ചെന്നൈ: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ റണ്‍വേയില്‍ വരെ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വ്വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. നിരവധി ട്രെയിന്‍ സര്‍വ്വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. നിരത്തുകള്‍ വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകളിലും വെള്ളം കയറി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കി.

ഒറ്റപ്പെട്ടുപോയവരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അഡയാര്‍ നദിക്കരയില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇതുവരെ 3500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചെന്നൈയിലെ പ്രധാന നാല് ജലസംഭരണികളായ ചെമ്പരമ്പാക്കം, പൂണ്ടി, റെഡ്ഹില്‍സ്, ചോഴാവരം എന്നിവ നിറഞ്ഞുകഴിഞ്ഞു. ഇവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ കൈവഴികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Top