ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ ആവേശം കൊണ്ട് അലറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അര്‍ണബ് പിന്‍വാങ്ങിയതോടെ അപ്രത്യക്ഷമായ തരം ചര്‍ച്ചകള്‍ ഇനി പുതിയ ചാനലായ റിപ്പബ്ലിക് വഴി പുറത്തുവരും. അര്‍ണബ് ഗോസ്വാമിയുടെ പുതിയ ടിവി ചാനല്‍ റിപ്പബ്ലിക് ഇന്ന് രാവിലെ മുതല്‍ ലൈവായി.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ടേപ്പ് പുറത്തുവിട്ടുകൊണ്ടാണ് അര്‍ണബ് തന്റെ ചാനല്‍ ലൈവാക്കിയത്. മുന്‍ ആര്‍ജെഡി എംപിയും മാഫിയാ ഡോണുമായ, ജയിലില്‍ കഴിയുന്ന ഷഹാബുദ്ദീന് ലാലുവുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ടേപ്പ് ആയിരുന്നു റിപ്പബ്ലിക്കിന്റെ ബിഗ് ബ്രേക്കിങ് ന്യൂസ്.
45 ക്രിമിനല്‍ കേസുകളുള്ള ഷഹാബുദ്ദീന്‍ ജയില്‍വാസത്തിനിടെ അധികാരത്തിലിരിക്കുന്ന നേതാവായ ലാലുവുമായി ഫോണ്‍ ബന്ധം പുലര്‍ത്തുന്നു എന്ന ഗുരുതരമായ ആരോപണമാണ് റിപ്പബ്ലിക് ഉന്നയിക്കുന്നത്. സിവാനിലെ പൊലീസ് വെടിവെപ്പിനെപ്പറ്റിയും ഷഹാബുദ്ദീന്‍ സംസാരിക്കുന്നതായും ലാലുവിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതായും ചാനല്‍ പറയുന്നു.
ബീഹാറില്‍ നിലനില്‍ക്കുന്ന മദ്യനിരോധനത്തെ കൈക്കൂലി കൊടുത്ത് നേരിടുമെന്നും ഷഹാബുദ്ദീന്‍ പറഞ്ഞ ടേപ്പുകളും റിപ്പബ്ലിക് പുറത്തുവിട്ടു. ഇപ്പോള്‍ എയര്‍ ചെയ്ത സ്റ്റിംഗ് റീലില്‍ ‘ദിസ് ഈസ് റിപ്പബ്ലിക്’ എന്ന് പറയുന്നത് കമല്‍ ഹാസന്റെ ശബ്ദമാണ് എന്നത് റിപ്പബ്ലിക്കിന്റെ മറ്റൊരു പ്രത്യേകത. മറ്റ് മുന്‍നിര ഇംഗ്ലീഷ് ചാനലുകള്‍ക്കിടയില്‍ കടുത്ത മത്സരമാണ് റിപ്പബ്ലിക് തുടങ്ങിവെച്ചിരിക്കുന്നത്.