ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള ചാനലിന് പിഴ ചുമത്തി. വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിനാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് റെഗുലേറ്റര്‍ അതോറിറ്റി (ഓഫ്കോം) പിഴ ചുമത്തിയത്. ബ്രിട്ടനില്‍ സംപ്രേഷണം ചെയ്യുന്ന റിപബ്ലിക് ഭാരത് എന്ന ഹിന്ദി വാര്‍ത്താ ചാനലിനാണ് പിഴ ചുമത്തിയത്. ചാനലില്‍ പാകിസ്ഥാന്‍കാരെ മോശമാക്കി ചിത്രീകരിച്ച് വാര്‍ത്താ അധിഷ്ടിത പരിപാടി സംഘടിപ്പിച്ചു എന്നാണ് കണ്ടെത്തല്‍.
20000 പൗണ്ട് ആണ് പിഴ. ബ്രിട്ടനിലെ ഹിന്ദി സംസാരിക്കുന്നവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് റിപബ്ലിക് ഭാരത് ആ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത്. റിപബ്ലിക് ഭാരതിന്റെ ലൈസന്‍സി വേള്‍ഡ് വ്യൂ മീഡിയ നെറ്റ് വര്‍ക്കാണ് പിഴ തുക നല്‍കേണ്ടത്. ഓഫ്കോമിന്റെ നടപടി സംബന്ധിച്ച് ചാനല്‍ പരസ്യപ്പെടുത്തണം. പ്രോഗ്രാം നിര്‍ത്തിവയ്ക്കുകയും വേണമെന്നും ഓഫ്കാം ചാനലിന് നിര്‍ദേശം നല്‍കി.
സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പൂച്താ ഹയ് ഭാരത് എന്ന പ്രോഗ്രാമിലാണ് അര്‍ണബ് ഗോസ്വാമി വിവാദമായ പരാമര്‍ങ്ങള്‍ നടത്തിയത്. 2019 സെപ്തംബര്‍ ആറിനായിരുന്നു ഇത്. പാകിസ്ഥാന്‍കാരെ മോശമായി ചിത്രീകരിക്കുകയായിരുന്നു ഗോസ്വാമി.