ന്യൂഡല്‍ഹി:അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിക്ക് ലണ്ടണ്‍ റെഗുലേറ്ററി ബോഡിയായ ഓഫ് കോം 19 ലക്ഷം രൂപ പിഴയിട്ട സംഭവത്തിലാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം. അര്‍ണബ് സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരിപാടികളും ഇങ്ങനെ പരിശോധിക്കപ്പെട്ടാല്‍ അദ്ദേഹം ഉടന്‍ പാപ്പരാകും എന്നാണ് ഭൂഷണ്‍ പറഞ്ഞത്.
2019ല്‍ റിപ്പബ്ലിക്ക് ഭാരത് ടിവിയില്‍ പ്രക്ഷേപണം ചെയ്ത പൂച്ഛാ ഹേ ഭാരത് എന്ന പരിപാടിയില്‍ പാകിസ്താനി ജനതയ്ക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഫൈന്‍. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.
പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകിസ്താനി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും ഓഫ് കോമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പബ്ലിക്ക് ടിവിയെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. പരിപാടി യു.കെയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് നിലവില്‍ വിലക്കുണ്ട്.
ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യവുമായും ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായും ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്. പരിപാടിയില്‍ പാകിസ്താനില്‍ നിന്നുള്ള അതിഥികളെയും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്താന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.