ഓണം കേരളത്തിലെ കാർ വിപണിക്കു നേടിക്കൊടുത്തത് ഏകദേശം 30% അധിക വിൽപന. സാധാരണ മാസങ്ങളിൽ ശരാശരി 16,000 കാർ വിൽക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞമാസം ഇരുപതിനായിരത്തിലേറെ കാർ വിറ്റു. ഓണം വിൽപന സെപ്റ്റംബർ ആദ്യത്തേക്കും നീണ്ടിട്ടുണ്ട്. കേരളത്തിൽ വിൽക്കുന്ന കാറുകളിൽ പകുതിയും മാരുതി സുസുകിയുടേതാണ്. കമ്പനിക്ക് ഓണക്കാലത്ത് 27% വിൽപന കൂടിയെന്ന് സീനിയർ എകസ്ക്യൂട്ടീവ് ഓഫിസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ചെറിയ ഹാച്ച്ബാക്ക് മുതൽ എസ്‌യുവി വരെ മിക്ക വിഭാഗങ്ങളിലും മികച്ച വിൽപനയാണ് ഓണക്കാലത്തുണ്ടായത്.
ടാറ്റ മോട്ടോഴ്സിന്, മുൻ മാസങ്ങളിലെക്കാൾ 25–30% വിൽപന കൂടിയതായി മാർക്കറ്റിങ് മേധാവി വിനയ് പന്ത് പറഞ്ഞു. പുതിയ മോഡലുകൾ എത്തിയതുവഴിയുണ്ടായ ഉണർവും വായ്പ കിട്ടാൻ എളുപ്പമായതും ജനം കൂടുതൽ വിനോദയാത്ര ചെയ്യാൻ തുടങ്ങിയതും വിപണിക്ക് ഗുണകരമായി. 80% കാർ കച്ചവടവും വായ്പയിന്മേലാണു നടക്കുന്നതെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വരുമാനരേഖ ഇല്ലാത്തവർക്ക് വായ്പ കിട്ടാത്ത സ്ഥിതി മാറ്റി, ഓൺ–റോഡ് വിലയുടെ 90–95% വരെ വായ്പ നൽകാനും 8 വർഷം വരെ തിരിച്ചടവു കാലാവധി നൽകാനും ചില സ്വകാര്യ ബാങ്കുകളും ബാങ്ക്–ഇതര ധനസ്ഥാപനങ്ങളും മുന്നോട്ടുവന്നത് ഓണക്കച്ചവടത്തെ സഹായിച്ചെന്ന് പോപ്പുലർ ഹ്യുണ്ടായ് ജനറൽ മാനേജർ ബി.ബിജു പറഞ്ഞു.
മുൻ മാസത്തെ അപേക്ഷിച്ച് ഹ്യുണ്ടായ്ക്ക് 35 ശതമാനത്തോളം വിൽപന കേരളത്തിൽ വർധിച്ചു. മാരുതി സ്വിഫ്റ്റ്, വാഗൺ ആർ, ബലേനോ എന്നിവയാണ് സംസ്ഥാനത്തെ വിൽപനയിൽ ആദ്യ 3 സ്ഥാനങ്ങളിൽ. രാജ്യത്തു പൊതുവെയുള്ള എസ്‌യുവി തരംഗത്തിലും കേരളം ഹാച്ച്ബാക്, പ്രീമിയം ഹാച്ച്ബാക് മോഡലുകൾക്ക് മികച്ച വിൽപനയുള്ള മേഖലയായി തുടരുന്നു. സെഡാൻ വിഭാഗത്തിന് വലിയ വളർച്ചയില്ല. ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ്, ക്യാമറ, സൺറൂഫ് എന്നിങ്ങനെയുള്ള ഫീച്ചറുകൾക്കാണു ജനപ്രീതി. എല്ലാ മോഡലുകളുടെയും ഏറ്റവുമുയർന്ന വേരിയന്റിനും അതിനു തൊട്ടുതാഴത്തെ വേരിയന്റിനുമാണ് 45–47% വിൽപന. ചില മോഡലുകൾ കിട്ടാനുള്ള കാലതാമസം ഇപ്പോഴും കാർ വിപണിയിലുണ്ട്. രാജ്യത്തെ മറ്റു മേഖലകളിൽനിന്ന് കൂടുതൽ സ്റ്റോക്ക് കേരള വിപണിയിലേക്ക് എത്തിച്ചാണ് കമ്പനികൾ ഓണത്തിരക്ക് കൈകാര്യം ചെയ്തത്.