തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച് ; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

മുംബൈ : തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച് കളിച്ച യുവാക്കള്‍ക്ക് മഹാരാഷ്ട്ര കോടതി നല്‍കിയത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാക്കോടതിയാണ് മൂന്ന് യുവാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. റയില്‍വേ സ്റ്റേഷനില്‍ വച്ച് കീ കീ ചലഞ്ച് വീഡിയോ ചിത്രീകരിച്ച ടിവി താരമടക്കമുള്ള മൂന്ന് യുവാക്കള്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം റയില്‍വേ സ്റ്റേഷന്‍ വൃത്തിയാക്കാനാണ് കോടതി ശിക്ഷ വിധിച്ചത്.

Kiki-Challenger-b

മഹാരാഷ്ട്രയിലെ വാസൈ റയില്‍വെ സ്റ്റേഷനിലാണ് സംഭവം. ശ്യാം ശര്‍മ്മ(24), ധ്രുവ്(23), നിഷാന്ത്(20) എന്നിവരാണ് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് സമീപം കീ കീ ചുവടു വച്ചത്. സോഷ്യല്‍ മീഡിയ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഒരാഴ്ച കൊണ്ട് 1.5 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് മുതിര്‍ന്ന റയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാവിലെ 11 മുതല്‍ 2വരെയും വൈകിട്ട് 3 മുതല്‍ അഞ്ച് വരെയുമാണ് ശുചിയാക്കേണ്ടത്. ഇത് മറ്റുള്ള യാത്രക്കാര്‍ക്ക് കീ കീ ചലഞ്ചിനെതിരായ ബോധവത്ക്കരണം കൂടിയാണെന്ന് ഒരു റയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ടെലിവിഷന്‍ താരമായ ശ്യാം ശര്‍മയെയാണ് പൊലീസ് പിടികൂടിയത്. സഹായിച്ച രണ്ടുപേരെക്കുറിച്ചും ഇയാളാണ് പൊലീസിന് വിവരം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം അനുച്ഛേദം 145 ബി, 147, 154യും റെയില്‍വേ നിയമം 156 പ്രകാരവുമാണ് യുവാക്കള്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവയെന്ന് കോടതി വിശദമാക്കി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരു പോലെ അപകടകരമായ പ്രവൃത്തിയാണ് യുവാക്കള്‍ ചെയ്തതെന്ന് കോടതി വിശദമാക്കി.

Kiki-Challenger-a

അടുത്തിടെയാണ് ഡ്രേക്ക് എന്ന ഗായകന്റെ ഇന്‍ മൈ ഫീലിങ്‌സ് എന്ന ഗാനത്തിന് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. നിരവധി പേര്‍ വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയത്. ഇത്തരം അപകടകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഈ വിധി സഹായകരമാകുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

Top