റെയില്‍വേ ജോലി വാഗ്ദാന തട്ടിപ്പ്: 300 പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയയാള്‍ പിടിയില്‍

തിരുവനന്തപുരം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരെ തട്ടിപ്പിനിരയാക്കിയ ആള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷമീമിനെയാണ് തിരുവനന്തപുരത്തെ ഷാഡോ പോലീസ് പിടികൂടിയത്.റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ദക്ഷിണ പടിഞ്ഞാറന്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങി പല തസ്തികകളിലേക്കും ഒഴിവുണ്ടെന്ന് വാഗ്ദാനം നല്‍കി രണ്ട് മുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെയാണ് ഇയാള്‍ പലരില്‍ നിന്നും വാങ്ങിയത്.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ 2012 ല്‍ റെയില്‍വേ പാന്‍ട്രി വിഭാഗത്തില്‍ കരാര്‍ തൊഴിലാളിയായി ജോലി നോക്കിയിരുന്ന കാലത്ത് കിട്ടിയ അറിവും ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും വെച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ചതിയില്‍പ്പെട്ട ഉദ്യാഗാര്‍ത്ഥികളില്‍ ചിലര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഷാഡോ പൊലീസിന്റെ വലയിലാവുകയായിരുന്നു.

Top