നിര്‍ണായകമായത് മൂന്ന് മൊഴികള്‍;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

Jalandhar Bishop Franco Mulakkal

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി.

നിര്‍ണായകമായ മൂന്ന് മൊഴികള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയ എണ്‍പത്തൊന്ന് മൊഴികളില്‍ മൂന്നെണ്ണമാണ് ഏറ്റവും നിര്‍ണായകം. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്നതും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതുമായ മൊഴികളാണ് ലഭിച്ചിരിക്കുന്നത്.

ബിഷപ്പിന്റെ ലാപ്ടോപ്, മൊബൈല്‍ഫോണ്‍, എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്യാസ്ത്രീ കര്‍ദിനാളിന് നല്‍കിയ പരാതിയിലെ വിശദീകരണം തൃപ്തികരമെന്നും പൊലീസ് പറഞ്ഞു.

ബിഷപ്പ് മഠത്തിലെത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളും കണ്ടെത്തി. മഠത്തിലെ റജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്ത് ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ റജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയുണ്ട്.

അതേസമയം പീഡനം നടന്ന സമയത്ത് ജലന്ധര്‍ ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനിയില്ല. പുതിയ മൊബൈല്‍ വാങ്ങിച്ചപ്പോള്‍ പഴയത് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. നേരത്തെ കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് വ്യക്തമാക്കിയിരുന്നു.

Top