ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം; സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകള്‍

Nuns protest

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍.

അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍ സമരപന്തലില്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി പൊലീസ് അറിയിക്കണമെന്നാണ് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് ബിഷപ്പിനെ അറിയിച്ചു. വൈക്കം ഡിവൈഎസ്പിയാണ് ഇക്കാര്യം ബിഷപ്പിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പൊലീസിനെയും അന്വേഷണസംഘം അറിയിച്ചു. കോട്ടയം എസ്പി അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണുന്നതാണ്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടവും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ ധാരണയായത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കന്യാസ്ത്രീ പൊലീസിനു നല്‍കിയ മൊഴി, ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്, ബിഷപ്പിന്റെ മുന്‍ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍.

ഇന്നലെ ബിഷപ്പ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം രാത്രി തന്നെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതു കൂടി കൂട്ടിച്ചേര്‍ത്തായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ്പ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശക രജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറന്‍സിക് രേഖയുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വീണ്ടും വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സമരം നടത്തുന്നതിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിരിക്കുന്നത്.

സമരത്തിനു പിന്നില്‍ ദുരുദ്ദേശമാണെന്ന ആരോപണവുമായി കോടിയേരി കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സമരമെന്നും സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചിരുന്നു.

Top