തിരുവല്ല: രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
രാഹുല്‍ ഈശ്വറിനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നായിരുന്നു രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് റാന്നിക്കോടതി രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
അതേസമയം, തനിക്കെതിരെയുള്ള നീക്കം സി.പി.എം നേതാക്കളുടെ ഇടപെടലിന്റെ ഭാഗമാണെന്നും മന:പൂര്‍വ്വം പൊലീസ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും റാന്നി മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തില്‍ എക്‌സ്പ്രസ് കേരളയോട് രാഹുല്‍ പറഞ്ഞിരുന്നു.
എട്ടാം തിയതി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്താന്‍ കഴിയാത്തത് മുന്‍ കൂട്ടി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞിരുന്നെന്നും ഡല്‍ഹിയില്‍ ആയതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും ഏതാനും മണിക്കൂറുകള്‍ വൈകി ആണെങ്കിലും പിന്നീട് ഒപ്പിട്ടെന്നും എന്നാല്‍ പൊലീസ് പക പോക്കാന്‍ മന:പൂര്‍വ്വം ജാമ്യം റദ്ദാക്കിക്കുകയാണ് ചെയ്തതെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയിരുന്നത്.