രാഹുല്‍ മാങ്കൂട്ടത്തെ സൂപ്പര്‍ഹീറോയാക്കാനും തളര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസ്സിന് ജീവവായു നല്‍കാനും ഇടതുപക്ഷത്തും പൊലീസിലും ക്വട്ടേഷനെടുത്തത് ആരാണെന്നത് ബന്ധപ്പെട്ട നേതൃത്വങ്ങള്‍ വ്യക്തമാക്കണം. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് അതറിയാനും താല്‍പ്പര്യമുണ്ടാകും. കേരള പൊലീസിന്റെ മണ്ടന്‍ തീരുമാനമാണ് രാഹുല്‍ മാങ്കൂട്ടത്തെ വെളുപ്പാന്‍ കാലത്ത് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തതിലൂടെ പുറത്ത് വന്നിരിക്കുന്നത്. സി.പി.എം നേതൃത്വത്തിന്റേയോ സര്‍ക്കാര്‍ ഉന്നതരുടേയോ അനുമതിയില്ലാതെയാണ് ഇത്തരമൊരു നീക്കം പൊലീസ് നടത്തിയതെങ്കില്‍ അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്.
ഇനി അതല്ല സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ അറിവോടെയാണ് ഇത്തരമൊരു അറസ്റ്റെങ്കില്‍ അതും സി.പി.എം നേതൃത്വം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു അറസ്റ്റ് എങ്ങനെയാണ് കോണ്‍ഗ്രസ്സ് ഉപയോഗപ്പെടുത്തുക എന്നത് സാമാന്യ ബോധമുള്ള ആര്‍ക്കും ചിന്തിച്ചാല്‍ മനസ്സിലാകുന്ന കാര്യമാണ്. പ്രത്യേകിച്ച് കേരളത്തിലെ വലിയവിഭാഗം മാധ്യമങ്ങളും ഇടതുപക്ഷത്തിന് എതിരായ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത അനിവാര്യം തന്നെയാണ്.
ചുവപ്പിനോടുള്ള പക രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റോടെ വലിയ രൂപത്തിലാണ് സകല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റുന്ന രൂപത്തില്‍ ഇത്തരമൊരു സംഭവം നടന്നത് തളര്‍ന്നു കിടന്ന കോണ്‍ഗ്രസ്സ് അണികളെയാണ് ഉഷാറാക്കിയിരിക്കുന്നത്. ‘പ്രതിപക്ഷ നേതാക്കളെ പൊലീസ് വേട്ടയാടുന്നു’ എന്ന രീതിയില്‍ ഇടവേളകള്‍ പോലും നല്‍കാതെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നതും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും ആത്യന്തികമായി യു.ഡി.എഫിനാണ് ഗുണം ചെയ്യുക.
ഈ തിരിച്ചറിവ് ഇല്ലാത്തവരാണ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നുതന്നെ പറയേണ്ടി വരും. അറസ്റ്റും ജയിലുമെല്ലാം നേതാക്കളെ സൃഷ്ടിച്ച ചരിത്രം മാത്രമാണുള്ളത്. കേരള രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ നേതാവാക്കി ഉയര്‍ത്താനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ഉറപ്പു വരുത്താനുമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നത്. ഇടതു നീരീക്ഷകര്‍ പോലും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
പൊതുസമൂഹത്തെ സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടവും കോണ്‍ഗ്രസ്സും നടത്തിയത് ചരിത്രത്തിലെ ആദ്യത്തെ വയലന്‍സ് സമരമൊന്നുമല്ല. ജനങ്ങള്‍ ഒരിക്കലും അങ്ങനെ കാണുകയുമില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷ സംഘടനകള്‍ ചെയ്ത സമരത്തിന്റെ അടുത്തെത്താന്‍ ശേഷിയുള്ള ഒരു സമരവും കോണ്‍ഗ്രസ്സും അതിന്റെ പോഷക സംഘടനകളും ഇതുവരെ നടത്തിയിട്ടില്ല. ഇനിയൊട്ടു നടത്താനും പോകുന്നില്ല. അതാകട്ടെ വ്യക്തമാണ്.
യു.ഡി.എഫ് ഭരണകാലത്ത് എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നേരിട്ട മൃഗീയമായ പൊലീസ് മര്‍ദ്ദനങ്ങള്‍ കേരളത്തിലെ മറ്റൊരു സംഘടനയും ഇതുവരെ നേരിട്ടിട്ടില്ല. ഈ പോരാട്ടങ്ങളള്‍ നല്‍കിയ കരുത്ത് തന്നെയാണ് എസ്.എഫ്.ഐയുടെയും ഡിവൈ എഫ് ഐയുടെയും വളര്‍ച്ചക്കും പിന്നിലുള്ളത്. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണത്. ഇത് തിരിച്ചറിയാനുള്ള വിവേകമാണ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യാന്‍ വീട്ടവര്‍ക്കും ഇല്ലാതെ പോയിരിക്കുന്നത്.
എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഉല്‍പ്പന്നം കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എന്നതും പൊലീസിനെ നിയന്ത്രിക്കുന്നവര്‍ ഓര്‍ത്തു കൊള്ളണം. അറസ്റ്റു കൊണ്ടോ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതു കൊണ്ടോ ഒരു സംഘടനയെയും തളര്‍ത്താന്‍ കഴിയുകയില്ല എന്നതിന് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും തന്നെയാണ് ഏറ്റവും വലിയ ഉദാഹരണങ്ങള്‍.
സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ ആക്രമണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യണമായിരുന്നു എങ്കില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അയാള്‍ പിടികിട്ടാപുള്ളിയൊന്നുമല്ല പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ കേസ് മാത്രമാണിത്. ഒരു തീവ്രവാദ കേസു പോലെ ഇത് ഡീല് ചെയ്യാന്‍ നോക്കിയതു തന്നെ ശുദ്ധ വിവരകേടാണ്. ഇതുവഴി കോണ്‍ഗ്രസ്സിനും യൂത്ത് കോണ്‍ഗ്രസ്സിനും തെരുവില്‍ ഷോ നടത്താനുള്ള അവസരമാണ് പൊലീസായിട്ട് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഗുരുതര പിഴവ് പൊലീസിനെ പറഞ്ഞയച്ചവര്‍ ആരായാലും അവര്‍ക്കു തന്നെയാണുള്ളത്. അത് പരിശോധിക്കപ്പെടുക തന്നെ വേണം.
രാഹുല്‍ മാങ്കൂട്ടം മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ നിലവില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസില്‍ പ്രതികളാണ്. നിയമം നിയമത്തിന്റെ വഴിക്കാണ് നടക്കേണ്ടതെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് ഒന്നാം പ്രതിയായ പ്രതിപക്ഷ നേതാവിനെ ആയിരുന്നു. എന്നാല്‍ അതിവിടെ സംഭവിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്താല്‍ അത് യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തും എന്ന് തിരിച്ചറിയുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടുവന്നാലും സമാനമായ പ്രതിഷേധം തന്നെയാണ് ഉയരുകയെന്ന തിരിച്ചറിവാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ പ്രതിപക്ഷം മാത്രമല്ല മാധ്യമങ്ങളും ചുവപ്പിന്റെ ഒന്നാംനമ്പര്‍ ശത്രുക്കളാണ്. അവര്‍ വീണുകിട്ടുന്ന ഏതവസരവും പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും. ആ കാഴ്ചയ്ക്കു തന്നെയാണ് രാഹുലിന്റെ അറസ്റ്റോടെ കേരളവും സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ യു.ഡി.എഫിന്റെ സംഘടനാ സംവിധാനത്തെയാണ് സജീവമാക്കിയിരിക്കുന്നത്. അവരുടെ ലോകസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇനി വേഗതയേറും. 2019 – ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ഇടതുപക്ഷത്തിന് ഇത്തവണ വലിയ വിജയം നേടേണ്ടത് നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ എം.പിമാരെ ഇടതുപക്ഷം പ്രതീക്ഷിക്കുന്നതും കേരളത്തില്‍ നിന്നു തന്നെയാണ്. 15 സീറ്റുകളാണ് സംസ്ഥാനത്തു നിന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.
അതേസമയം, തിരുവനന്തപുരം – തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയും വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. യു.ഡി.എഫിനെ ഭൂരിപക്ഷ സീറ്റുകളിലും പരാജയപ്പെടുത്തുക എന്നതിനൊപ്പം തന്നെ ഇത്തവണയും കേരളത്തില്‍ താമര വിരിയാതെ നോക്കേണ്ടത് ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയ ബാധ്യതയാണ്. ആ കടമ നിറവേറ്റാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത് രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
കേവലം ഒരു അറസ്റ്റിനെ ആഗോള സംഭവമാക്കി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്സ് നേതാക്കളും വ്യാപകമായ പ്രതിഷേധം അഴിച്ചു വിട്ടിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ നിക്ഷ്പക്ഷകന്റെ നീരീക്ഷക ‘പട്ടം’ കെട്ടിവരുന്നവരും എരിതീയില്‍ ശരിക്കും എണ്ണ ഒഴിക്കുന്നുണ്ട്. ചരിത്രത്തിലെ ആദ്യ സംഭവമെന്ന മട്ടിലാണ് ഇവരും ഈ അറസ്റ്റിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അതും ഈ ഘട്ടത്തില്‍ പറയാതെ വയ്യ.
രാഹുല്‍ മാങ്കൂട്ടത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ സാന്ദ്രയെ കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത് ഇതുവരെ അറിഞ്ഞ ഭാവം പോലും കാണിച്ചിട്ടില്ല. അവരെ സംബന്ധിച്ച് അത് വാര്‍ത്തയേ ആയിരുന്നില്ല. തലസ്ഥാനത്ത് ചാന്‍സലര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124 A പ്രകാരം കേസെടുത്താണ് ജയിലില്‍ അടച്ചിരുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത് എന്നതും മാധ്യമങ്ങളും പ്രതിപക്ഷവും അറിയണം. അത് ചര്‍ച്ച ചെയ്യാനും ആരും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല.
ഇത്തരത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ പോലും ഗൗരവമുള്ള കേസുകള്‍ എടുക്കുന്ന പിണറായി പോലീസ് തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. കേസെടുത്ത പൊലീസ് നടപടി ശരിയാണെങ്കിലും പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ രീതി തെറ്റുതന്നെയാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് വിവേകമുള്ള ഒരു ഭരണകൂടവും ഇത്തരമൊരു നീക്കത്തിന് തയ്യാറാവുകയില്ല. യു.ഡി.എഫിന് ആയുധം നല്‍കുന്ന ഏര്‍പ്പാടായാണ് , രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് നിലവില്‍ മാറിയിരിക്കുന്നത്.
അനവസരത്തിലുള്ള അറസ്റ്റാണ് ഇതെന്ന് പറയുമ്പോള്‍ തന്നെ മറ്റൊരു കാര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്. യു.ഡി.എഫ് ഭരണ കാലത്ത് എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കളെ വേട്ടയാടിയ പോലുള്ള ഒരുവേട്ടയാടലും ഇപ്പോഴും സംഭവിച്ചിട്ടില്ല. എണ്ണി എണ്ണി പറയാന്‍ നിരവധി ഉദാഹരണങ്ങള്‍ തന്നെയുണ്ട്. ഉടുതുണി പോലും പറിച്ചെറിഞ്ഞാണ് കരുണാകരന്റെ കാലത്ത് എസ്.എഫ്.ഐ നേതാവായിരുന്ന പി രാജീവിനെ പൊലീസ് മര്‍ദ്ദിച്ച് കൊണ്ടു പോയിരുന്നത്. കൂത്തുപറമ്പില്‍ 5 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും കരുണാകരന്റെ പൊലീസ് വെടിവെച്ചിട്ടാണ്. സി.പി.എം നേതാവായ എം.എം മണിയെ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയ രീതിയും രാഷ്ട്രീയ കേരളം മറന്നു പോകരുത്.
സമരം ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടികളുടെയടക്കം തല തല്ലിപ്പൊളിച്ചതും യു.ഡി.എഫിന്റെ ഭരണകാലത്താണ്. എ.ആര്‍ ക്യാംപുകള്‍ ഇടിമുറികളാക്കി മാറ്റി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കഥ കേട്ടാല്‍ തന്നെ കേള്‍ക്കുന്നവര്‍ക്കും ബോധക്ഷയം വരും. അതാണ് ഇടതുപക്ഷത്തിന്റെ സമര ചരിത്രം. മന്ത്രിമാരായ പി.രാജീവ്, എം.ബി രാജേഷ്, കെ എന്‍ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തുടങ്ങിയവരുടെ ശരീരത്തില്‍ ഇപ്പോഴും കാണും യു.ഡി.എഫ് കാലത്ത് പൊലീസ് സമ്മാനിച്ച ‘അടയാളങ്ങളെന്നതും’ നാം ഓര്‍ക്കണം.
ഇതെല്ലാം കണ്ടു ശീലിച്ച കേരളത്തിന്റെ മനസ്സിലേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റിനെ ഭീകര സംഭവമായി പ്രതിപക്ഷവും മാധ്യമങ്ങളും എടുത്ത് കാട്ടുന്നത്. സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്തെ ശരിക്കും പ്രയോജനപ്പെടുത്തിയുളള തന്ത്രപരമായ നീക്കം തന്നെയാണിത്. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന സുനില്‍ കനഗോലുവിന്റെ പി.ആര്‍ വര്‍ക്കിനായുള്ള രാഷ്ട്രീയ നാടകത്തിന് ദൗര്‍ഭാഗ്യവശാല്‍ കേരള പൊലീസ് തന്നെയാണ് ഇപ്പോള്‍ അരങ്ങൊരുക്കി കൊടുത്തിരിക്കുന്നത്. അതെന്തായാലും… പറയാതെ വയ്യ…
EXPRESS KERALA VIEW