കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി പൊലീസ്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്തു അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ണായക യോഗം ചേര്‍ന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ തീരുമാനിച്ചത്.
കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ത്തന്നെ തുടര്‍ന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ ഏകോപനമില്ലെന്ന മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ വിമര്‍ശനം ശരിവച്ചാണു ബെഹ്‌റയുടെ നിര്‍ദേശം. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പള്‍സര്‍ സുനിയുടെ മൊഴി മാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയതെന്നാണ് വിവരം. അറസ്റ്റിലായ ഘട്ടത്തില്‍ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി സുനി രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.
മാത്രമല്ല നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണിതെന്നു പൊലീസ് സൂചിപ്പിച്ചു. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോര്‍ജേട്ടന്‍സ് പൂര’ ത്തിന്റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതല്‍ നടപടികളിലേക്കു പൊലീസ് നീങ്ങുകയാണെന്നാണ് സൂചന.