കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് നടപടി. കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം.
ഷമിക്കൊപ്പം സഹോദരന്‍ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റന്‍ഡീസ് പര്യടനത്തിലാണ് ഷമി.