കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. അറസ്റ്റ് ചെയ്ത പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരാണെന്നും ഐ.ജി അറിയിച്ചു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യം നടത്തിയവരെയാണ് പിടികൂടിയത്. ഗൂഢാലോചന നടത്തിയവരെ പിടികൂടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടില്ല. തിരച്ചിലിനിടയില്‍ ഓടി രക്ഷപ്പെടുന്നതിനിടെ പിടികൂടിയതാണെന്നും, 55റെയ്ഡുകള്‍ നടത്തി ഒരേസമയം 55വീടുകളില്‍ കയറി പരിശോധിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണ സംഘത്തിന് മേല്‍ ഒരു രാഷ്ട്രീയ സമ്മര്‍ദവുമുണ്ടായിട്ടില്ല ലോക്കല്‍ പൊലീസിനെ വിശ്വാസമില്ലെങ്കില്‍ മറ്റിടങ്ങളിലെ പൊലീസിനെ സമീപിക്കാമെന്നും രാജേഷ് ദിവാന്‍ വിശദീകരിച്ചു.
അതേസമയം കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് കണ്ണൂര്‍ എസ്പി ശിവ വിക്രം പറഞ്ഞു. അറസ്റ്റിലായ ആകാശിനെതിരെ 11 കേസുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയില്ലെന്നും എസ്.പി അറിയിച്ചു.