കൊച്ചി: ആന്ധ്രാപ്രദേശിലെ നക്‌സല്‍ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ കൂടി പിടികൂടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ പാലക്കുഴയില്‍ വീട്ടില്‍ അന്‍സാര്‍ മുഹമ്മദ് (23), ഇടുക്കി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ ഭാഗത്ത് തടത്തില്‍ വീട്ടില്‍ രാജേഷ് (44) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ്
മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയായ പാലക്കാട് ചോക്കാട് സ്വദേശി ഷറഫുദ്ദിനെ അന്വേഷണ സംഘം കഴിഞ്ഞ മാസം വിശാഖപട്ടണത്തെ ഒരു ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിശാഖപട്ടണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ രണ്ട് പ്രധാന കണ്ണികള്‍ കൂടി അറസ്റ്റിലായത്. ഈ കേസ്സിലെ പ്രതി രാജേഷ് ദീര്‍ഘനാളായി വിശാഖപട്ടണത്ത് കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ്.
ആന്ധ്രപ്രദേശില്‍ പൊലീസ് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ തിരികെ കേരളത്തില്‍ എത്തി പഴയ വിശാഖപട്ടണ ബന്ധം ഉപയോഗപ്പെടുത്തി കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ പ്രധാന ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മറ്റൊരു പ്രതിയായ അന്‍സാര്‍ കൗമാരകാലം തൊട്ട് കഞ്ചാവിന് അടിമയായി കഞ്ചാവ് ലോബിയുടെ കണ്ണിയില്‍ അകപ്പെട്ട ആളാണ്. ആന്ധ്രയില്‍ നിന്നും കൊണ്ടു വരുന്ന കഞ്ചാവ് തൊടുപുഴ, മുവാറ്റുപുഴ മേഖലകളില്‍ വിതരണം നടത്തുന്നതില്‍ പ്രധാനിയായിരുന്നു ഇയാള്‍.
കഴിഞ്ഞ നവംബറില്‍ റൂറല്‍ പൊലീസ് 150 കിലോ കഞ്ചാവ് പിടികൂടുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കേരളത്തിലേയ്ക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രാപ്രദേശിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളാന്നെന്ന് മനസിലായി.
ആലുവ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി കെ.അശ്വകുമാര്‍ ആണ് ഈ കേസ്സ് അന്വേഷിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ റ്റി.എം. സൂഫി, ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ പി.എം ഷാജി, കെ.വി.നിസാര്‍, റ്റി.ശ്യാംകുമാര്‍, വി.എസ് രഞ്ജിത്ത്, ജാബിര്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.