തിരുവനന്തപുരം: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു കസ്റ്റഡിയില്‍ എടുത്തത്.
ഇയാള്‍ ബഹ്‌റിനില്‍ നിന്ന് കൊച്ചിയില്‍ എത്തിയത് രണ്ടു ദിവസം മുമ്പായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് അബ്ദുള്‍ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. സുരക്ഷയ്ക്കായി പൊലീസ് കര, വ്യോമ സേനകളുടെ സഹായം തേടിയിരുന്നു.
വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡിന്റെ പരിശോധന തുടരുകയാണ്. ചെന്നൈയുള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാണ്.