ഫുട്ബോൾ ആരാധകനായ ഒരു ബാപ്പയും മകനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. കുറച്ച് നാളുകൾക്ക് മുൻപ് ഫുട്ബോളിനോടുള്ള ആരാധന മൂത്ത് തന്റെ മകനു ആഴ്സണിലന്റെ സൂപ്പർ താരം മെസ്യൂട്ട് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരൻ ഇൻസമാം ഉൽ ഹഖിനെയും അദ്ദേഹത്തിന്റെ മകനെയും ആരും മറന്നുകാണില്ല.
ഇപ്പോളിതാ ആഴ്സണൽ ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചതോടെ ഇൻസമാമിനെ ലോകം അറിഞ്ഞു. ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി. പോരാത്തതിന് ഓസിലും തന്റെ സ്നേഹം പങ്കുവെച്ച് കൊണ്ട് കുഞ്ഞ് ഓസിലിന് ഒരു കുറിപ്പെഴുതിയിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മഞ്ചേരിക്കാരൻ ഇൻസമാം മകന് ഓസിലിന്റെ പേരിട്ടത് വാർത്തയായത്.
ഇപ്പോഴിതാ ഈ മഞ്ചേരിക്കാരനേയും കുടുംബത്തേയും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ആഴ്സണൽ. മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്. സാക്ഷാൽ ഓസിൽ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്സി അയച്ചത്. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോയും ആഴ്സണൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
സമ്മാനവുമായി നിൽക്കുന്ന കുഞ്ഞ് മെഹദും വീഡിയോയിലുണ്ട്. ഇതിനെല്ലാം നന്ദി പറഞ്ഞ ഇൻസമാം ഓസിലിനെ കാണാൻ സാധിക്കട്ടെയെന്ന പ്രതീക്ഷയും പങ്കുവെച്ചു.