ലണ്ടന്‍: ഫിഫ ലോകകപ്പ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണമെന്ന് വിഖ്യാത പരിശീലകനും ഫിഫയുടെ ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് സമിതി തലവനുമായ ആര്‍സന്‍ വെംഗര്‍. നിലവിലെ നാല് വര്‍ഷം പുതിയ കാലത്തില്‍ നീണ്ട ഇടവേളയാണെന്ന് വെംഗര്‍ പറഞ്ഞു.
2028 മുതല്‍ ലോകകപ്പ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണം. മത്സരങ്ങളുടെ നിലവാരം ഉയര്‍ത്തുക. ആരാധകര്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കാണാന്‍ അവസരം ഒരുക്കുക. ഫുട്‌ബോള്‍ കൂടുതല്‍ ജനകീയമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ലോകകപ്പ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഫുട്‌ബോള്‍ കലണ്ടറില്‍ മാറ്റം വരുത്തണമെന്നും വെംഗര്‍ നിര്‍ദേശിക്കുന്നു.
ഒക്ടോബറിനും മാര്‍ച്ചിനും ഇടയില്‍ എല്ലാ യോഗ്യതാ മത്സരങ്ങളും പൂര്‍ത്തിയാക്കണം. ഇതനുസരിച്ച് ക്ലബുകളും ലീഗുകളും മത്സരക്രമം നിശ്ചയിക്കണം. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുമ്പോള്‍ ക്ലബുകള്‍ താരക്കൈമാറ്റം നടത്തണം.
യോഗ്യതാ റൗണ്ടിന് ശേഷം ചുരുങ്ങിയത് 25 ദിവസമെങ്കിലും താരങ്ങള്‍ക്ക് വിശ്രമം നല്‍കണം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല ലോകകപ്പ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണമെന്ന് നിര്‍ദേശിക്കുന്നതെന്നും വെംഗര്‍ പറഞ്ഞു. ഖത്തറിലാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ്. 2026ല്‍ അമേരിക്കയും മെക്സിക്കോയും സംയുക്തമായി ലോകകപ്പിന് വേദിയാവും.