കരസേനാ മേധാവി ബിപിന്‍ റാവത്ത് കശ്മീരില്‍ : സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി

ശ്രീനഗര്‍: കരസേന മേധാവി ബിപിന്‍ റാവത്ത് കശ്മീരില്‍ സന്ദര്‍ശനം നടത്തി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കരസേന മേധാവി ശ്രീനഗറില്‍ സന്ദര്‍ശനം നടത്തിയത്. കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ അതിര്‍ത്തിപ്രദേശങ്ങള്‍ ബിപിന്‍ റാവത്ത് സന്ദര്‍ശിച്ചു. പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍, നുഴഞ്ഞുകയറ്റശ്രമങ്ങള്‍ എന്നിവയ്‌ക്കൊപ്പം അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പ്രകോപനപരമായ നടപടി സംബന്ധിച്ചും സേനാംഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരികയാണെന്നുള്ള ജമ്മു കശ്മീര്‍ ഗവര്‍ണറായ സത്യപാല്‍ മാലിക്കിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വാക്കുകളുടെ അടിസ്ഥാനത്തിലാണ് കരസേന മേധാവി ശ്രീനഗറില്‍ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു.

നോര്‍ത്തേണ്‍ കമാന്‍ഡ് തലവന്‍ ലഫ്. ജനറല്‍ റണ്‍ബിര്‍ സിംഗ്, ലഫ്. ജനറല്‍ പരംജിത് സിംഗ് സംഗ തുടങ്ങിയവര്‍ കരസേനാ തലവനൊപ്പമുണ്ടായിരുന്നു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. നിയന്ത്രണരേഖയിലെ സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയതോടൊപ്പം പ്രതിരോധ നടപടികളെക്കുറിച്ചും ജനറല്‍ ബിപിന്‍ റാവത്ത് വിശദീകരിച്ചുവെന്നും കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം,ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വീട്ട് തടങ്കലില്‍ കഴിഞ്ഞ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്കും പിപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബുബ മുഫ്തിക്കും ബന്ധുകളെ കാണാന്‍ അനുമതി ലഭിച്ചിരുന്നു.

കശ്മീര്‍ താഴ് വരയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച് വരികയാണ്. സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയതിന് പിന്നാലെയാണ്‌ കശ്മീരിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരിക്കുന്നത്.

Top