ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ യമുന നദീ തീരത്ത് സംഘടിപ്പിക്കുന്ന വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിന് അനുമതി നല്‍കിയ പരിസ്ഥിതി മന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. യമുനാ തീരത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമാണെന്നാണോ കരുതുന്നത്, തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഹരിത ട്രൈബ്യൂണല്‍ പറഞ്ഞു.
എന്ത് കൊണ്ട് പാരിസ്ഥിതിക അനുമതി ഇതിനായി ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രൈബ്യൂണല്‍ മന്ത്രാലയത്തോട് ചോദിച്ചു. ഇത്ര വലിയ ചടങ്ങ് സംഘടിപ്പിക്കുന്നതിന് മന്ത്രാലയം അനുമതി നല്‍കിയിരുന്നോയെന്നും ഇക്കാര്യം ആരെങ്കിലും പരിശോധിച്ചിരുന്നോയെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു.
ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയെയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. ബോര്‍ഡിന്റെ കടമ എന്താണ്. ഒരു കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പേരില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോവെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.
അതേസമയം, വിഷയം രാഷട്രീയവത്കരിക്കരുതെന്ന് ശ്രീ ശ്രീ രവിശങ്കര്‍ രാഷ്ട്രീയപാര്‍ട്ടിക്കാരോട് അഭ്യര്‍ഥിച്ചു. സംസ്‌കാരമതദേശീയതയെ ഒന്നിപ്പിക്കുന്നതിനുള്ള ചടങ്ങാണ് ഇതെന്നും നമുക്ക് ഒന്നിച്ച് നില്‍ക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.