ന്യൂഡല്‍ഹി :സാംസ്‌കാരികോത്സവം നടത്തി യമുനാ തീരം നശിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കറിന്റെ സംഘടന തന്നെയാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. 2016ലാണ് യമുനാ തീരത്ത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് എന്ന സംഘടന സാംസ്‌കാരികോത്സവം നടത്തിയത്.
എന്നാല്‍ കൂടുതല്‍ പിഴ ചുമത്താന്‍ ട്രൈബ്യൂണല്‍ തയാറായില്ല. നേരത്തെ ട്രൈബ്യൂണല്‍ 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി വികസന അതോറിറ്റിയോട് ആര്‍ട് ഓഫ് ലിവിങ് അടച്ച പിഴതുക കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടിട്ടുണ്ട്. പിഴ തുകയേക്കാള്‍ അധികം ചിലവ് ഇതിനായി വേണ്ടി വന്നാല്‍ ആ ചിലവും ആര്‍ട്ട് ഓഫ് ലിവിങ്ങില്‍ നിന്നും ഈടാക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
വിധി പ്രസ്താവനക്കിടെ ഡല്‍ഹി വികസന അതോറിറ്റിക്കെതിരേ രൂക്ഷ വിമര്‍ശമാണ് ട്രൈബ്യൂണല്‍ ഉയര്‍ത്തിയത്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ അതോറിറ്റിക്ക് കഴിഞ്ഞില്ലെന്ന് ബെഞ്ച് പറഞ്ഞു. പരിപാടിയുടെ ഭാഗമായി യമുനാ തീരം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധ സമിതിയും നേരത്തെ കണ്ടെത്തിയിരുന്നു. യമുനാ തീരം പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിനായി 13 കോടി രൂപ ചിലവ് വരുമെന്നും സമിതി അറിയിച്ചിരുന്നു.